Image Credit:x
അണ്ടര്‍ 19 ഏഷ്യാക്കപ്പില്‍ പാക്കിസ്ഥാനോടേറ്റ ഹൃദയഭേദകമായ തോല്‍വിയുടെ ഭാരം സൂപ്പര്‍ സെഞ്ചറിയിലൂടെ തീര്‍ത്ത് ഇന്ത്യയുടെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. വിജയ് ഹസാരെ ട്രോഫിയിലാണ് വെറും 36 പന്തില്‍ സൂര്യവംശി സെഞ്ചറി നേടിയത്. ടൂര്‍ണമെന്‍റിലെ ആദ്യ മല്‍സരത്തില്‍ അരുണാചല്‍ പ്രദേശ് ബോളര്‍മാരെ തലങ്ങും വിലങ്ങും പറത്തിയായിരുന്നു പത്ത് ഫോറും എട്ട് സിക്സറുകളുമായി സൂര്യവംശിയുടെ തകര്‍പ്പന്‍ പ്രകടനം. പതിനാല് വയസും 272 ദിവസവും പ്രായമുള്ള സൂര്യവംശി ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ചറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരവുമായി.
അന്‍മോള്‍പ്രീതിന്‍റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യന്‍ താരത്തിന്‍റെ അതിവേഗ സെഞ്ചറിയുടെ റെക്കോര്‍ഡ്. അരുണാചല്‍ പ്രദേശിനെതിരെയായിരുന്നു കഴിഞ്ഞ സീസണില്‍ പഞ്ചാബ് താരത്തിന്‍റെ നേട്ടം. ആഗോള തലത്തില്‍ ഓസീസ് താരം ജെയ്ക്ക് ഫ്രേസറിന്‍റെ പേരിലാണ് റെക്കോര്‍ഡ്. 29 പന്തില്‍ നിന്നാണ് 2023 ല്‍ ഫ്രേസര്‍ സെഞ്ചറി നേടിയത്. 31 പന്തില്‍ നിന്ന് സെഞ്ചറി നേടിയ എ.ബി.ഡിവില്ലിയേഴ്സ് രണ്ടാമതും അന്‍മോള്‍ പ്രീത് സിങ് മൂന്നാമതും വൈഭവ് നാലാമതുമാണ്. കോണി ആന്‍ഡേഴ്സണും ഗ്രഹാം റോസും 36 പന്തില്‍ നിന്ന് സെഞ്ചറി തികച്ച താരങ്ങളാണ്.
കരിയറിന്‍റെ തുടക്കം മുതല്‍ റെക്കോര്‍ഡുകള്‍ കടപുഴക്കാന്‍ തുടങ്ങിയതാണ് സൂര്യവംശി. സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ് താരം വിജയ് ഹസാരെ ടൂര്‍ണമെന്‍റിലെത്തിയിരിക്കുന്നത്. ടെസ്റ്റിലെ ഇന്ത്യന്‍ യുവ താരത്തിന്‍റെ അതിവേഗ സെഞ്ചറിയും സൂര്യവംശിയുടെ പേരിലാണ്. ഓസ്ട്രേലിയയ്ക്കെതിരെ 58 പന്തിലാണ് സൂര്യവംശി സെഞ്ചറി നേടിയത്. രഞ്ജിയിലും സച്ചിന്‍റെയും യുവരാജ് സിങിന്‍റെയും റെക്കോര്‍ഡുകള്‍ താരം തകര്‍ത്തിരുന്നു.