Image Credit: X
വിജയ് ഹസാരെ ട്രോഫി മല്‍സരത്തിനായി ജയ്പുറിലെത്തിയ രോഹിത് ശര്‍മയെ വളഞ്ഞ് ആരാധകര്‍. ഇന്നലെ വൈകുന്നേരം സവായ് മാന്‍സിങ് ഗ്രൗണ്ടിലെ നെറ്റ് പ്രാക്ടീസ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആരാധകര്‍ സുരക്ഷാവലയം ഭേദിച്ച് താരത്തിനടുത്തേക്ക് പാഞ്ഞെത്തിയത്. ഡ്രസിങ് റൂം ഇടനാഴിയിലേക്ക് രോഹിത് നടക്കുന്നതിനിടെ ആരാധകര്‍ സെല്‍ഫിക്കായി തയാറെടുത്ത് നിന്നും പെട്ടെന്ന് ആള്‍ക്കൂട്ടത്തില്‍ ഒരു തിക്കും തിരക്കുമുണ്ടാവുകയും ഒരാള്‍ രോഹിതിന് തൊട്ടടുത്തേക്ക് ചാടിയെത്തുകയും ചെയ്തു. ഇതോടെ താരം ആകെ അസ്വസ്ഥനാവുകയും സെല്‍ഫിക്ക് നില്‍ക്കാതെ കയറിപ്പോവുകയുമായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുകയും ആരാധകരെ നീക്കം ചെയ്യുകയും ചെയ്തു. ഡ്രസിങ് റൂം ഇടനാഴിയിലേക്കുള്ള വാതിലും അടച്ചു. സംഭവത്തിന്‍റെ വിഡിയോ അതിവേഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
വിജയ് ഹസാരെ ട്രോഫിയില്‍ സിക്കിമിനെതിരെയാണ് മുംബൈയുടെ ആദ്യ മല്‍സരം. സൂപ്പര്‍താരത്തിന്‍റെ വരവ് ആരാധകര്‍ക്ക് വലിയ ആവേശമാണ് പകരുന്നത്. കളി കാണാനും ആയിരങ്ങള്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലേക്ക് എത്തുമെന്നതിനാല്‍ അധികമായി സുരക്ഷാ ഉദ്യോഗസ്ഥരെ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ടെസ്റ്റില്‍ നിന്നും ട്വന്‍റി20യില്‍ നിന്നും വിരമിച്ച താരം നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. 2027ലെ ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കുന്നതിനും കൂടുതല്‍ പരിശീലനം ലഭിക്കുന്നതിനുമായാണ് താരം ബിസിസിഐ നിര്‍ദേശപ്രകാരം ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാകുന്നത്. 2018ലാണ് രോഹിത് മുംബൈ ടീമിനൊപ്പം അവസാനമായി കളിച്ചത്. 15 വര്‍ഷത്തിന് ശേഷം വിരാട് കോലിയും ഇക്കുറി വിജയ് ഹസാരെയില്‍ ഡല്‍ഹിക്കായി കളിക്കാനിറങ്ങുന്നുണ്ട്. കോലിക്കും രോഹിതിനും പുറമെ ഋഷഭ് പന്ത്, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ എന്നിവരും ഇന്ന് കളിക്കും.
ടൂര്‍ണമെന്‍റിലെ കേരളത്തിന്‍റെ ആദ്യ മല്‍സരം ഇന്ന് അഹമ്മദാബാദില്‍ നടക്കും. ത്രിപുരയാണ് കേരളത്തിന്‍റെ എതിരാളികള്‍. രോഹന്‍ കുന്നുമ്മലിന്‍റെ നേതൃത്വത്തിലാണ് കേരള ടീം ഇറങ്ങുക. സഞ്ജു സാംസണ്‍ ടീമിലുണ്ടെങ്കിലും ടൂര്‍ണമെന്‍റിലെ അവസാന രണ്ട് മല്‍സരങ്ങളില്‍ മാത്രമാകും കളിക്കാനിറങ്ങുക.