ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന വനിതാ ക്രിക്കറ്റ് ലോകചാംപ്യന്‍മാര്‍ ഇന്ന് തിരുവനന്തപുരത്ത്. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ ശ്രീലങ്കയ്ക്കെതിരായ മൂന്നാം വനിതാ ട്വന്‍റി 20 മല്‍സരത്തിനായാണ് എത്തുന്നത്. 26, 28, 30 തീയതികളിലായി മൂന്നുമല്‍സരങ്ങള്‍ക്കാണ് കാര്യവട്ടം വേദിയാകുന്നത്.
വനിതാ ക്രിക്കറ്റില്‍ ആദ്യ രാജ്യാന്തരമല്‍സരത്തിന് സജ്ജമാകുകയാണ് തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയം. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ ഷഫാലി വര്‍മ, സ്മൃതി മന്ഥന, ജമീമ റോഡ്രിഗ്സ് , റിച്ച ഘോഷ് , ശ്രീചരണി, ക്രാന്തി ഗൗഡ് തുടങ്ങിയ താരങ്ങളെല്ലാമുണ്ട്. സ്റ്റേഡിയത്തിന്‍റെ മുകള്‍തട്ടിലെ ഗാലറിയില്‍ ഇത്തവണ പ്രവേശനമില്ല. സ്റ്റേഡിയം ഉടമകള്‍ പരിപാലിക്കാത്തതുകാരണം സീറ്റുകള്‍ തുരുമ്പെടുത്തതിനാലാണിത്.
ബി.സി.സി.ഐ ചീഫ് ക്യൂറേറ്റര്‍ ആശിഷ് ഭൗമിക് സ്റ്റേഡിയത്തിലെത്തി പിച്ചുകളുടെ പരിശോധന പൂര്‍ത്തിയാക്കി. കേരള ക്രിക്കറ്റ് ലീഗ് മല്‍സരങ്ങള്‍ക്കുമുമ്പുതന്നെ എല്‍.ഇ.ഡി വെളിച്ച സംവിധാനം തയാറായിരുന്നു. വിശഖപട്ടണത്ത് നിന്ന് എത്തുന്ന ഇരുടീമുകളും വൈകുന്നേരം പരിശീലനത്തിന് ഇറങ്ങിയേക്കും.