ഇന്ത്യന്‍ ഏകദിന, ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയാണ് ഇന്ത്യ ട്വന്‍റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തിന് ശേഷം ട്വന്‍റി 20 ടീമിലേക്ക് തിരികെ എത്തിയ ഗില്ലിന്‍റെ ബാറ്റിങ് പ്രകടനം മോശമായതാണ് മാനേജ്മെന്‍റ് മറ്റൊരു ബാറ്റിങ് കോമ്പിനേഷന്‍ തിരഞ്ഞെടുക്കാന്‍ കാരണം. ഏഷ്യാകപ്പിന് മുന്നോടിയാണ് ഗില്ലിനെ ഇന്ത്യന്‍ ടീമിലേക്ക് തിരികെ കൊണ്ടുവരികയും ഓപ്പണിങില്‍ പരിഗണിക്കുയും ചെയ്തത്. 15 ഇന്നിങ്സില്‍ നിന്ന് 291 റണ്‍സ് നേടി ഗില്‍ ഈ പൊസിഷനില്‍ പരാജയമായിരുന്നു.
ഗില്ലിനെ കൂടാതെ മോശം ഫോം തുടരുന്നൊരു താരമാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഈ വര്‍ഷത്തെ 19 ഇന്നിങ്സില്‍ നിന്നായി 218 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. രാജ്യാന്തര അരങ്ങേറ്റത്തിന് ശേഷം സൂര്യകുമാറിന്‍റെ ഏറ്റവും മോശം പ്രകടനം. ഇതേ ഫോം തുടരുകയാണെങ്കില്‍ ടീമില്‍ സൂര്യയ്ക്കും സ്ഥാനമുണ്ടാകില്ലെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓപ്പണര്‍ അഭിഷേക് ശര്‍മയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗില്ലിന്‍റെ പ്രകടനം മോശമായതിനാലാണ് പുറത്തായതെന്ന് പിടിഐ റിപ്പോര്‍ട്ട് പറയുന്നു. ഒരു വര്‍ഷമായി മോശം പ്രകടനമാണെങ്കിലും സൂര്യകുമാര്‍ ക്യാപ്റ്റന്‍ സ്ഥാനം നിലനിര്‍ത്തി. സൂര്യകുമാര്‍ റൺസ് കണ്ടെത്തി തുടങ്ങിയില്ലെങ്കിൽ ഡ്രെസ്സിങ് റൂമിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം കുറയുകയും ടീമിലെ സ്ഥാനം തന്നെ നഷ്ടപ്പെടുകയും ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.
ജയം മാത്രമാണ് ഗംഭീര്‍ പരിഗണിക്കുന്നത്. ഇന്ന് അത് ഗില്ലിന്റെ കാര്യത്തിലാണെങ്കിൽ, നാളെ സൂര്യകുമാറിന്റെ കാര്യത്തിലും സംഭവിച്ചേക്കാം എന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. ഇന്നലെ പ്രഖ്യാപിച്ച ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഗില്ലിന് പകരം മലയാളി താരം സഞ്ജു സാംസണെയാണ് ഓപ്പണിങിലേക്ക് പരിഗണിച്ചിട്ടുള്ളത്. വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ ഓപ്പണിങ് ചെയ്യുക എന്ന കോമ്പിനേഷനിലേക്ക് ഇന്ത്യ നീങ്ങിയപ്പോള്‍ സഞ്ജുവിനൊപ്പം ഇഷാന്‍ കിഷനും ടീമില്‍ സ്ഥാനം ലഭിച്ചു.