അവസരം നഷ്ടമാക്കിയ ബൈക്കപകടവും വിഷാദകാലവും മറികടന്നാണ് ഇഷാന്‍ കിഷന്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്. മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ 197 സ്ട്രൈക്ക് റേറ്റില്‍ 517 റണ്‍സ് അടിച്ചെടുത്ത ബാറ്റിങ് പ്രകടനം സെലക്ടര്‍മാര്‍ക്ക് കണ്ടില്ലെന്ന് നടക്കാന്‍ കഴിയില്ലായിരുന്നു.
ജാർഖണ്ഡിൽ നിന്നുള്ള 'പോക്കറ്റ് ഡൈനമൈറ്റ്' ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത് രണ്ടുവര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം. 2024ല്‍ ജോലി ഭാരം ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിന്ന് ഇഷാൻ വിട്ടുനിന്നിരുന്നു. പിന്നാലെ രഞ്ജി ട്രോഫിയിലും കളിക്കാൻ വിസമ്മതിച്ചതോടെ വാർഷിക കരാറിൽ നിന്ന് ഇഷാനെ ബിസിസിഐ പുറത്താക്കി. ഇതോടെ ക്രിക്കറ്റിനോടുള്ള താരത്തിന്റെ പ്രതിബദ്ധതയും ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ, വിമർശനങ്ങൾക്കുള്ള മറുപടി കളിക്കളത്തിലായിരുന്നു. കൗണ്ടി ക്രിക്കറ്റിലും ആഭ്യന്തര മത്സരങ്ങളിലും കഠിനാധ്വാനം ചെയ്ത് മികവ് വീണ്ടെടുത്തു. കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ബൈക്ക് അപകടത്തില്‍ ഇഷാന്‍ കിഷന് പരുക്കേല്‍ക്കുന്നത്. മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിനിടെ കാൽവിരലിന് പരുക്കേറ്റ ഋഷഭ് പന്തിനു പകരക്കാരനായി ഇന്ത്യൻ ടീമിൽ ഇടം നേടാനുള്ള അവസരമാണ് അപകടത്തോടെ നഷ്ടമായത്. കടുത്തവിഷാദത്തിന് അടിപ്പെട്ടെങ്കിലും കരുത്തോടെ തിരിച്ചുവന്നു. ടോപ് ഓർഡറിൽ ഇടംകയ്യൻ–വലംകയ്യൻ സഖ്യങ്ങൾക്കും വെടിക്കെട്ട് ബാറ്റിങ്ങിനും സെലക്ടർമാർ മുൻഗണന നൽകുന്നതിന്റെ പ്രതിഫലനമാണ് ഇഷാന്റെ മടങ്ങിവരവ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ടോപ് സ്കോററായ കിഷൻ, ഫൈനലിലെ സെഞ്ചുറിയോടെ ദേശീയ ടീമിലേക്കുള്ള വഴി സ്വയം വെട്ടിത്തുറന്നു.