Image Credit: X (left), PTI (right)

നാണക്കേടിന്‍റെ റെക്കോര്‍ഡ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത് അര്‍ഷ്ദീപ് സിങ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്‍റി20യിലാണ് അര്‍ഷ്ദീപ് 13 പന്തുള്ള ഒരോവര്‍ എറിഞ്ഞത്. 11–ാം ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീപിന്‍റെ ആദ്യ പന്ത് തന്നെ ക്വിന്‍റണ്‍ ഡി കോക്ക് സിക്സര്‍ പറത്തി. അടിപതറിയ അര്‍ഷ്ദീപ് പിന്നാലെ എറിഞ്ഞത് രണ്ടും വൈഡ്. അടുത്തത് ഡോട്ട് ബോള്‍. പിന്നാലെ അഞ്ച് വൈഡുകള്‍ കൂടി! കളി കണ്ടവരും ടീമംഗങ്ങളും അമ്പരന്നു. 18 റണ്‍സാണ് താരം വഴങ്ങിയത്.

അര്‍ഷ്ദീപിന്‍റെ റണ്‍ദാനം കണ്ട് കോച്ച് ഗംഭീറിന് വന്ന ദേഷ്യം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. ദേഷ്യവും നിരാശയും കൊണ്ട് അലറുന്ന ഗംഭീറിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അതേസമയം, ഗംഭീറിനെ വിമര്‍ശിക്കുന്നവരും കുറവല്ല. ' ഇത് ക്രിക്കറ്റ് കളിയല്ലേ, റിയാലിറ്റി ഷോ അല്ലല്ലോ, ഇത്രയും എക്സ്പ്രഷന്‍ വേണ്ടെ'ന്നായിരുന്നു ഒരാളുടെ കമന്‍റ്. 

നാണക്കേടിന്‍റെ ഓവറോടെ അര്‍ഷ്ദീപ് അഫ്ഗാനിസ്ഥാന്‍ നവീന്‍ ഉള്‍ ഹഖിനൊപ്പം സ്ഥാനം പിടിച്ചു. ട്വന്‍റി 20 ക്രിക്കറ്റില്‍ ഏറ്റവുമധികം പന്തുകള്‍ ഓരോവറില്‍ എറിഞ്ഞുവെന്നതാണ് ആ 'റെക്കോര്‍ഡ്'. കഴിഞ്ഞ വര്‍ഷം സിംബാം​ബ്​വെയ്ക്കെതിരെയായിരുന്നു നവീന്‍ റെക്കോര്‍ഡിട്ടത്. ട്വന്‍റി20യില്‍ ഏറ്റവുമധികം പന്തുകള്‍ ഒരോവറില്‍ എറിഞ്ഞ ഇന്ത്യന്‍ താരവും അര്‍ഷ്ദീപായി. 

ടോസ് നേടിയ സൂര്യകുമാര്‍  ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയയ്ക്കുകയായിരുന്നു. കട്ടക്കില്‍ നടന്ന ഒന്നാം ട്വന്‍റി20യില്‍ 101 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. അതുകൊണ്ടുതന്നെ ആദ്യ മല്‍സരം ജയിച്ച ടീമില്‍ മാറ്റമുണ്ടായില്ല. തുടര്‍ച്ചയായ അഞ്ചാം മല്‍സരത്തിലും സഞ്ജു ബെഞ്ചില്‍ തന്നെ. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ നാലോവറില്‍ 32/3 എന്ന നിലയിലാണിപ്പോള്‍. 

ENGLISH SUMMARY:

Indian pacer Arshdeep Singh recorded an embarrassing T20 cricket record by bowling a 13-ball over, including 7 wides, during the second T20I against South Africa, conceding 18 runs. The disastrous 11th over started with a six by Quinton de Kock. Head Coach Gautam Gambhir's intensely frustrated and angry reaction, captured by cameras, has gone viral, sparking both support and criticism online. Arshdeep now shares the unwanted record for the most balls bowled in a T20 over with Naveen-ul-Haq. India, who won the first T20, was chasing a target of 214 in the second match. Sanju Samson was once again benched for the fifth consecutive match.