ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ തഴയുന്നുവെന്ന വാദങ്ങള്‍ തള്ളി സൂര്യകുമാര്‍ യാദവ്. ആവശ്യത്തിന് അവസരങ്ങള്‍ സഞ്ജുവിന് നല്‍കിയിട്ടുണ്ടെന്നും ഏത് പൊസിഷനില്‍ കളിക്കാനും സഞ്ജു പ്രാപ്തനാണെന്നും സൂര്യകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി20 പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് ഗില്ലിന് വേണ്ടി സഞ്ജുവിനെ ഒഴിവാക്കുന്നുവെന്ന് പറയുന്നത് ശരിയല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. സഞ്ജു ഏത് നമ്പറിലും ബാറ്റ് ചെയ്യാന്‍ തയാറാണ്. കളിക്കാരനെ സംബന്ധിച്ച് അത് നല്ല തീരുമാനവുമാണ്. മൂന്ന് മുതല്‍ ആറുവരെ എപ്പോള്‍ വേണമെങ്കിലും ഇറങ്ങാന്‍ തയാറാവണം. ഓപ്പണര്‍മാരല്ലാത്തവരെല്ലാം ഫ്ലെക്സിബിളായിരിക്കണമെന്ന് ഞാനെപ്പോഴും ബാറ്റര്‍മാരോട് പറയാറുണ്ട്'-സൂര്യകുമാര്‍ വിശദീകരിച്ചു. ചൊവ്വാഴ്ച യാണ് അഞ്ചുമല്‍സരങ്ങളുടെ ട്വന്‍റി20 പരമ്പരയ്ക്ക് തുടക്കമാകുക.
ഓപ്പണറായി കളിച്ചപ്പോഴെല്ലാം സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് അംഗീകരിച്ച സൂര്യകുമാര്‍, സഞ്ജു ഓപ്പണറാകുന്നതിന് മുന്‍പ് ശ്രീലങ്കന്‍ പര്യടനത്തില്‍ ഗില്ലാണ് ഓപ്പണറായി കളിച്ചിരുന്നതെന്നും അതുകൊണ്ട് ഗില്ലിനാണ് മുന്‍തൂക്കമെന്നും വ്യക്തമാക്കി. ഗില്‍ ടീമിലെത്തിയതോടെ മൂന്നാമതോ അഞ്ചാമതോ ആകും സഞ്ജു ഇറങ്ങുക.
അഭിഷേക് ശര്‍മയ്ക്കൊപ്പമാകും ഗില്‍ ഓപ്പണറായി ഇറങ്ങുക. കഴുത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താരം വൈകാതെ ടീമിനൊപ്പം ചേരും. ട്വന്‍റി 20യില്‍ ആര്‍ക്കും സ്ഥിരം സ്ഥാനങ്ങളില്ലെന്ന് ഗില്ലും നേരത്തെ വ്യക്തമാക്കിയിരുന്നു. 'ശിവം ദുബെ ഓള്‍റൗണ്ടറാണ്. ഹാര്‍ദികും. ഓള്‍റൗണ്ടര്‍മാരെയും ഫിനിഷര്‍മാരെയും തമ്മില്‍ താരതമ്യപ്പെടുത്താനേ കഴിയില്ല. എല്ലാ ബാറ്റര്‍മാരും മൂന്ന് മുതല്‍ ഏഴ് വരെയുള്ള പൊസിഷനില്‍ ഇറങ്ങാന്‍ കഴിയുന്നവരാണ്. തിലക് വര്‍മയെ തന്നെ നോക്കൂ, ആറാമനായാണ് തിലക് ഇറങ്ങുന്നത്. ഓസ്ട്രേലിയയില്‍ വച്ച് ദുബെ മൂന്നാമനായാണ് ഇറങ്ങിയത്. ടീം എങ്ങനെയെന്ന് ആദ്യം അറിയണം, ടീമിനെന്താണ് വേണ്ടതെന്നും അറിയണം. അക്കാര്യത്തില്‍ ഇന്ത്യന്‍ ടീമിനെ കുറിച്ച് തനിക്ക് സന്തോഷമാണുള്ളതെന്നും ഗില്‍ പറഞ്ഞിരുന്നു.