358 റണ്‍സിന്‍റെ വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും ദക്ഷിണാഫ്രിക്കയ്ക്കെതിരെ റായ്പൂരില്‍ ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. എയ്ഡെന്‍ മാര്‍ക്രത്തിന്‍റെ സെഞ്ചറി ദക്ഷിണാഫ്രിക്കയുടെ ചെയ്സില്‍ നിര്‍ണായകമായി. 98 പന്തില്‍ 110 റണ്‍സാണ് മാര്‍ക്രം അടിച്ചെടുത്തത്. ടെംബ ബാവുമ, മാത്യു ബ്രീറ്റ്‌സ്‌കെ, ഡെവാൾഡ് ബ്രെവിസ്, കോർബിൻ ബോഷ് എന്നിവരും ദക്ഷിണാഫ്രിക്കന്‍ ബാറ്റിങില്‍ നിര്‍ണായകമായി.
മാർക്രം 58 ല്‍ നില്‍കെ പുറത്താക്കാന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. 18-ാം ഓവറിലെ രണ്ടാം പന്തില്‍ യശ്വസി ജയ്സ്വാളിന് ലഭിച്ച ക്യാച്ച് നഷ്ടപ്പെടുത്തുകയായിരുന്നു. ക്യാച്ചായിരുന്നോ ഇന്ത്യന്‍ തോല്‍വിക്ക് കാരണം എന്ന ചോദ്യത്തിന് സുനില്‍ ഗവാസ്കര്‍ മറുപടി ഇങ്ങനെയായിരുന്നു.
''മത്സരത്തില്‍ ഒരു തെറ്റ് കൊണ്ടു മാത്രം പരാജയമുണ്ടാകില്ല. ചുറ്റുമുള്ള കാര്യങ്ങളും ബാധകമാകും. മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ക്രെഡിറ്റ് നൽകണം എന്നാണ് ഞാൻ കരുതുന്നത്. ഇത് ബാറ്റിങ് പിച്ചായിരുന്നു. ദക്ഷിണാഫ്രിക്ക ശരിക്കും നന്നായി ബാറ്റ് ചെയ്തു'', എന്നാണ് ഗവാസ്കര്‍ പറഞ്ഞത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ രണ്ട് സെഞ്ചറിയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ നേടിയത്. എങ്കിലും ഇന്ത്യ തോറ്റു. 359 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും നാലു വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. 49.2 ഓവറില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ സ്കോര്‍ മറികടന്നു.83 പന്തില്‍ 12 ഫോറും രണ്ട് സിക്സറും സഹിതം 105 റണ്‍സോടെ ഋതുരാജ് ഗെയ്‍ക്വാദ് കന്നി ഏകദിന സെഞ്ചറി നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചറി നേടിയ വിരാട് കോലി 93 പന്തില്‍ 102 റണ്‍സെടുത്തു.