ട്വന്‍റി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരം തോറ്റ ഇന്ത്യയ്ക്ക് സിംബാബ്വെയ്ക്കെതിരെ ഇറങ്ങുമ്പോള്‍ അക്സര്‍ പട്ടേല്‍ ടീമില്‍ വേണമെന്ന് മുന്‍താരം സുനില്‍ ഗവാസ്കര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മല്‍സരത്തില്‍ 76 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അക്സറിന് പകരം എത്തിയ വാഷിങ്ടണ്‍ സുന്ദറിന് ബാറ്റിങിലും ബോളിങിലും ശോഭിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് പ്ലേയിങ് ഇലവനില്‍ അക്സര്‍ മടങ്ങിവരണമെന്ന് സുനില്‍ ഗവാസ്കര്‍ നിര്‍ദേശിക്കുന്നത്.
'അക്സറിന് പ്ലേയിങ് ഇലവനില്‍ ഇടമുണ്ടാകണം. ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ സിംബാംബ്വെയ്ക്ക് അത്രയ്ക്കില്ല. അതുകൊണ്ട് അര്‍ഷ്ദീപിന് പകരം അക്സറിനെ ഉള്‍പ്പെടുത്തണം' എന്നായിരുന്നു ജിയോ സ്റ്റാറിനോട് ഗവാസ്കറുടെ പ്രതികരണം. 'പക്ഷേ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അര്‍ഷ്ദീപ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നന്നായി കളിക്കുന്നയാളെ പുറത്തിരുത്താന്‍ ഒരുപക്ഷേ മാനേജ്മെന്‍റ് തയാറായേക്കില്ല. അങ്ങനെയെങ്കില്‍ പഴയ ടീമുമായി മുന്നോട്ട് പോകാനും സാധ്യതയുണ്ടെന്നും താരം വിലയിരുത്തുന്നു.
അതേസമയം, അക്സറിനെ കഴിഞ്ഞ കളിയില്‍ പുറത്തിരുത്തിയത് ബോധപൂര്‍വം കൈക്കൊണ്ട തന്ത്രപരമായ തീരുമാനം ആയിരുന്നുവെന്നാണ് ഇന്ത്യയുടെ അസിസ്റ്റന്‍റ് കോച്ചുമാരായ റയാന്‍ ടെനും സിതാന്‍ഷു കൊട്ടകും പറയുന്നത്. 'പ്ലേയിങ് ഇലവനെ കുറിച്ച് രണ്ട് ദിവസത്തോളം ചര്‍ച്ച നടത്തി. അക്സറിനെ കളിപ്പിക്കാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ എട്ടാമനായി റിങ്കു സിങിനെ ഇറക്കേണ്ടതുണ്ടെന്നും തോന്നി'- പോസ്റ്റ് മാച്ച് പ്രസ് കോണ്‍ഫറന്‍സില്‍ റയാന്‍ പറഞ്ഞു. വൈസ് ക്യാപ്റ്റനായിട്ടും അക്സറിന് ടീമില്‍ ഇടമുണ്ടായില്ലെന്ന വിമര്‍ശനങ്ങളെ റയാന്‍ തള്ളി. അത്തരത്തിലൊന്നും കാര്യങ്ങളെ കാണേണ്ടതില്ലെന്നും അക്സറും അക്സറിന്‍റെ നേതൃത്വവും ടീമിന് ഒഴിച്ചുകൂടാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.