Virat Kohli being greeted by a pitch invader as he completes his century during the first ODI cricket match of a series between India and South Africa (PTI Photo/Kamal Kishore)
റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിയെത്തി വിരാട് കോലിയുടെ കാലില്‍ വീണ് ആരാധകന്‍. ജെഎസ്‌സിഎ രാജ്യാന്തര സ്റ്റേഡിയത്തിലെ മല്‍സരത്തിനിടെയാണ് സംഭവം. കോലിയുടെ സെഞ്ചറിക്ക് പിന്നാലെയാണ് ആരാധകന്‍ സുരക്ഷാവിന്യാസങ്ങളെല്ലാം മറികടന്ന് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. സംഭവത്തിന്‍റെ വിഡിയോയും വൈറലാണ്.
വിരാട് കോലിയുടെ കരിയറിലെ 52-ാം ഏകദിന സെഞ്ചറിയാണ് മല്‍സരത്തിലുണ്ടായത്. താരം സെഞ്ചറി ആഘോഷിക്കുന്നതിനിടെ ഓടിയടുക്കുന്ന ആരാധകനെ വൈറലായ വിഡിയോകളില്‍ കാണാം. പിന്നാലെ കോലിക്ക് അടുത്തെത്തിയ ഇയാള്‍ താരത്തിന്‍റെ കാൽക്കൽ വീഴുകയായിരുന്നു. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആരാധകനെ പിടിച്ചുമാറ്റി. സെഞ്ചറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ കോലി തന്‍റെ വിവാഹ മോതിരത്തിൽ ചുംബിക്കുന്ന വിഡിയോയും വൈറലായിരുന്നു.
അതേസമയം, ആദ്യ ഏകദിനത്തിൽ 17 റൺസിന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യ നേടിയത്. 350 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 332 റൺസിൽ അവസാനിച്ചു. സ്റ്റാർ ബാറ്റർ വിരാട് കോലിയുടെ തകർപ്പൻ സെഞ്ചറി (135), രോഹിത് ശർമ, നായകൻ കെ.എൽ. രാഹുൽ എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായത്. 135 റണ്‍സെടുത്ത കോലി കരിയറിലെ 52–ാം സെഞ്ചറിയാണ് റാഞ്ചിയില്‍ നേടിയത്. ഒന്‍പത് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് കോലി സെഞ്ചറി നേടുന്നത്.