കോലിയുടെ സെഞ്ചറി, രാഹുലിന്‍റെയും രോഹിതിന്‍റെയും അര്‍ധ സെഞ്ചറി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ റാഞ്ചിയില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ 349/8. 135 റണ്‍സെടുത്ത കോലി കരിയറിലെ 52–ാം സെഞ്ചറിയാണ് റാഞ്ചിയില്‍ നേടിയത്. ഒന്‍പത് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് വിരാട് കോലി സെഞ്ചറി നേടുന്നത്.
ഓപ്പണിങില്‍ യശസി ജയ്സ്വാളിനെ ഇന്ത്യയ്ക്ക് തുടക്കത്തില്‍ നഷ്ടമായി. 18 റണ്‍സെടുത്ത ജയ്സാളിനെ നാന്ദ്രെ ബർഗർ പുറത്താക്കി. രോഹിത് ശര്‍മയും പിന്നീട് എത്തിയ വിരാട് കോലിയും ചേര്‍ന്ന് 136 റണ്‍സിന്‍റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. 57 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് പോകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 21.2 ഓവറില്‍ 161.
പിന്നീടെത്തിയ ഋതുരാജ് ഗെയ്‍ക്വാദ് (എട്ട്), വാഷിങ്ടണ്‍ സുന്ദര്‍ (13) എന്നിവര്‍ വേഗത്തില്‍ മടങ്ങിയപ്പോള്‍ കോലിയുടെ അടുത്ത മികച്ച കൂട്ടുകെട്ട് പിറന്നത് കെ.എല്‍ രാഹുലുമായിട്ടാണ്. 56 പന്തില്‍ 60 റണ്‍സെടുത്ത രാഹുലും വിരാട് കോലിയും ചേര്‍ന്ന് 76 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് ജഡേജ– രാഹുല്‍ കൂട്ടുകെട്ട് 36 പന്തില്‍ 65 റണ്‍സെടുത്തു. 32 റണ്‍സാണ് ജഡേജയുടെ സമ്പാദ്യം.
20-ാം ഓവറിന് ശേഷം ഇന്ത്യയുടെ സ്കോറിങിന് വേഗത കുറഞ്ഞെങ്കിലും കോലിയുടെ 120 പന്തില്‍ 135 റണ്‍സ് ഇന്ത്യന്‍ ഇന്നിങ്സില്‍ കരുത്തായി. ഏഴു സിക്സറടക്കമാണ് അടക്കമാണ് കോലിയുടെ സെഞ്ചറി. ഇത് രണ്ടാം തവണയാണ് കോലി ഒരു ഇന്നിങ്സില്‍ അഞ്ച് സിക്സറിലധികം നേടുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആദ്യവും. തുടക്കത്തിലെ സ്കോറിങിന് തിരിച്ചടി നല്‍കാന്‍ മധ്യഓവറുകളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചെങ്കിലും രാഹുല്‍, ജഡേജ എന്നിവരുടെ ഇന്നിങ്സാണ് സ്കോര്‍ 350 തിലെത്തിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍കോ ജെന്‍സന്‍, നാന്ദ്രെ ബർഗർ, കോര്‍ബിന്‍ ബോഷ്, ഒട്ട്നീൽ ബാർട്ട്മാൻ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.