virat-kohli-domestic-cricket-bcci

ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാകണമെന്നുള്ള ബിസിസിഐയുടെ നിര്‍ദേശത്തിന് മറുപടി നല്‍കി വിരാട് കോലി. 2027ലെ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് വിരാട് കോലിയോടും രോഹിത് ശര്‍മയോടും ബിസിസിഐ ആശയവിനിമയം നടത്തിയത്. ടെസ്റ്റില്‍ നിന്നും ട്വന്‍റി20യില്‍ നിന്നും വിരമിച്ചതിനാലും ഇന്ത്യയുടെ രാജ്യാന്തര ഏകദിന സീസണ്‍ ഏറെക്കുറെ അവസാനിച്ചതിനാലും ഫോം നിലനിര്‍ത്തണമെങ്കില്‍ ഇരുവര്‍ക്കും ആഭ്യന്തര ക്രിക്കറ്റ് കൂടിയേ തീരൂ. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാന്‍ താന്‍ ഒരുക്കമാണെന്ന് കോലി ബിസിസിഐയെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രോഹിതും സന്നദ്ധത  നേരത്തെ അറിയിച്ചിരുന്നു. ഇതോടെ ഇരുവരും വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കും. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ലണ്ടനിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു കോലി. എന്നാല്‍ നിലവിലെ തീരുമാന പ്രകാരം താരം ബെംഗളൂരുവിലേക്ക് മടങ്ങിയെത്തുമെന്നും ഡല്‍ഹിക്കായി കളിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ന്യൂസീലന്‍ഡ് പരമ്പരയുടെ ഷെഡ്യൂളിനായും താരം കാത്തിരിക്കുകയാണെന്നും സൂചനയുണ്ട്. അതേസമയം, വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുമെന്ന കാര്യം കോലി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മതിയായ മല്‍സരങ്ങള്‍ കളിക്കാത്തതിന്‍റെ പ്രശ്നങ്ങള്‍ ഇരുവര്‍ക്കുമുണ്ടെന്നത് ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ വ്യക്തമായിരുന്നു. മൂന്നാമത്തെ മല്‍സരത്തിലാണ് കോലിക്ക് ഫോമിലേക്കെത്താന്‍ കഴി‍ഞ്ഞത്. രോഹിത്താവട്ടെ ആക്രമിച്ച് കളിക്കാന്‍ മടിക്കുകയും ചെയ്തു. ഇതോടെയാണ് ആഭ്യന്തര മല്‍സരങ്ങളില്‍ സജീവമായില്ലെങ്കില്‍ മുന്നോട്ടുള്ള യാത്ര ദുഷ്കരമാകുമെന്ന് ബിസിസിഐ ഇരുവരെയും അറിയിച്ചത്. ഫോമിലും ഫിറ്റ്നസിലുമല്ലെങ്കില്‍ അഗാര്‍ക്കറുടെ സെലക്ഷന്‍ കമ്മിറ്റി തങ്ങളെ ടീമിന് പുറത്ത് തട്ടുമെന്ന് കോലിക്കും രോഹിതിനും അറിയാമെന്നും രോഹിത് ശരീരഭാരം കുറച്ച് ഫിറ്റ്നസ് വീണ്ടെടുത്തത് ഇതിന്‍റെ തെളിവാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ENGLISH SUMMARY:

Responding to the BCCI's directive to play domestic cricket to maintain form ahead of the 2027 World Cup, Virat Kohli has reportedly agreed to participate in the Vijay Hazare Trophy. Since Kohli and Rohit Sharma have retired from Tests and T20s, and the international ODI season is concluding, the BCCI stressed the need for them to stay match-fit. Kohli, who was planning to return to London after the South Africa ODI series, is now expected to return to Bengaluru and play for Delhi in the domestic tournament. However, reports suggest Kohli is yet to formally inform the Delhi Cricket Association. The BCCI's firm stance was reinforced by the performance issues faced by both players during the recent ODI series against Australia.