FILE PHOTO: India's Shubman Gill, in September. REUTERS/Satish Kumar/File Photo

ദക്ഷിണാഫ്രിക്കയ്​ക്കെതിരായ ഏകദിനത്തിലും ശുഭ്മന്‍ ഗില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. കഴുത്തിന് പരുക്കേറ്റ് വിശ്രമത്തിലുള്ള താരത്തിന്‍റെ ഭാവി കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. രാജ്യാന്തര മല്‍സരങ്ങള്‍ നിരവധിയുള്ളതിനാല്‍ റിസ്കെടുക്കേണ്ടെന്നും പൂര്‍ണ ആരോഗ്യവാനായി താരം മടങ്ങിയെത്തുന്നത് വരെ കാത്തിരിക്കാമെന്നുമാണ് ടീം മാനേജ്മെന്‍റിന്‍റെ നിലപാട്. 

നവംബര്‍ 30ന് റാഞ്ചിയിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് തുടക്കമാവുക. രണ്ടും മൂന്നും ഏകദിനങ്ങള്‍ റായ്പുറിലും വിശാഖപട്ടണത്തുമായി ഡിസംബര്‍ മൂന്നിനും ആറിനും നടക്കും. ഡിസംബര്‍ ഒന്‍പത് മുതല്‍ 19 വരെയാണ് ട്വന്‍റി20 മല്‍സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.  

ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ച് നടന്ന ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിവസത്തിലാണ് ഗില്ലിന് കഴുത്തിന് പരുക്കേറ്റത്. കഴുത്തുളുക്കിയതിനെ തുടര്‍ന്ന് ക്രീസ് വിട്ട താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഗില്ലും ഗുവാഹട്ടിയിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ പ്ലേയിങ് ഇലവനിലുണ്ടാകുമോ എന്നതില്‍ ബോര്‍ഡ് വ്യക്തത വരുത്തിയിരുന്നില്ല. ഗില്ലിന്‍റെ ആരോഗ്യനില സൂക്ഷ്മമായി വിലയിരുത്തുന്നുവെന്നും കളിക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീട് കൈക്കൊള്ളുമെന്നും ബോര്‍ഡ് അറിയിച്ചു. 

ഗില്‍ രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കില്ലെങ്കില്‍  വൈസ് ക്യാപ്റ്റനായ റിഷഭ് പന്ത് തന്നെ ഇന്ത്യയെ നയിക്കും. കൊല്‍ക്കത്തയിലെ 30 റണ്‍സ് തോല്‍വിയുടെ ക്ഷീണം തീര്‍ക്കാന്‍ ജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുക. എന്നാല്‍ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ദക്ഷിണാഫിക്കയെത്തുന്നത്. 

ENGLISH SUMMARY:

Reports suggest that Shubman Gill, currently nursing a neck sprain sustained during the first Test against South Africa, is likely to miss the upcoming ODI series. The team management has decided not to take any risks, given the packed international schedule, and will wait until the player is fully fit. The three-match ODI series begins on November 30 in Ranchi, followed by matches in Raipur and Visakhapatnam. Though Gill traveled with the team to Guwahati for the second Test, his participation remains uncertain, with Vice-Captain Rishabh Pant expected to lead if Gill is unavailable.