Pakistan's Cricket Board Chairman Mohsin Naqvi (centre R) gestures while speaking with Sri Lankas players at the Rawalpindi Cricket Stadium in Rawalpindi on November 13, 2025,
പാക്കിസ്ഥാനില്‍ നിന്നും മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഭീഷണി. താരങ്ങളോട് പാക്കിസ്ഥാനില്‍ തുടരാന്‍ ആവശ്യപ്പെട്ട ക്രിക്കറ്റ് ബോര്‍ഡ് അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. അതേസമയം, ശ്രീലങ്കന്‍ താരങ്ങള്‍ തുടരുന്നത് ഉറപ്പാക്കാൻ നേരിട്ട് ഇടപെട്ടത് പാകിസ്ഥാന്‍റെ ഫീൽഡ് മാർഷൽ അസിം മുനീറാണെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ മുഹ്സിന്‍ നഖ്‌വി പറഞ്ഞു.
ഇസ്ലാമാബാദിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിലാണ് ശ്രീലങ്കന്‍ താരങ്ങള്‍ കളിക്കാൻ വിമുഖത പ്രകടിപ്പിച്ചത്. ഇതേ തുടര്‍ന്ന് ശ്രീലങ്കയിലെ ഉന്നത ഉദ്യോഗസ്ഥരുമായി അസിം മുനീര്‍ ചര്‍ച്ച നടത്തി. ശ്രീലങ്കന്‍ ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചു. സുരക്ഷാ കാര്യങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി എന്നും നഖ്‍വി പറഞ്ഞു. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ നഖ്‌വി നേരിട്ട് മേൽനോട്ടം വഹിച്ചു. വ്യാഴാഴ്ച നഖ്‍വിയും ശ്രീലങ്കന്‍ ഹൈകമ്മീഷണറും റാവല്‍പിണ്ടി സ്റ്റേഡിയത്തിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ശ്രീലങ്കന്‍ ഹൈകമ്മീഷണര്‍ സുരക്ഷയില്‍ തൃപ്തി രേഖപ്പെടുത്തി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരം വെള്ളിയാഴ്ച നടക്കും.
ഇസ്‍ലാമാബാദില്‍ നടന്ന സ്ഫോടനത്തിന് പിന്നാലെ എട്ടു താരങ്ങളാണ് സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച് നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ പാക്കിസ്ഥാനില്‍ തുടരാന്‍ എല്ലാ താരങ്ങളോടും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ബോര്‍ഡിന്‍റെ ആവശ്യം തള്ളി ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറിയാല്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും താരങ്ങള്‍ക്ക് നല്‍കി. പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ആശങ്കകള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ പര്യടനം തുടരാന്‍ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും നിര്‍ദ്ദേശം നല്‍കിയതായും ലങ്കന്‍ ക്രിക്കറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ബോര്‍ഡിന്‍റെ നിര്‍ദ്ദേശം ലംഘിച്ച് നാട്ടിലേക്ക് മടങ്ങുകയാണെങ്കില്‍ അക്കാര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്നും പ്രസ്താവനയിലുണ്ട്. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയും സിംബാബ്‍വെ അടങ്ങുന്ന ത്രിരാഷ്ട്ര ട്വന്‍റി 20 പരമ്പര കളിക്കാനുമാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലെത്തിയത്. ആദ്യ ഏകദിന മത്സരം നടക്കുന്ന ദിവസമാണ് സ്ഫോടനം നടന്നത്.