rajasthan-royals

സഞ്ജു സാംസനെ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. സഞ്ജു രാജസ്ഥാന്‍ വിടുമെന്ന് ഉറപ്പായതോടെ പുതിയ നായകനായുള്ള ചര്‍ച്ചയിലാണ് ടീം. യശസ്വി ജയ്സ്വാളും ധ്രുവ് ജുറേലുമാണ് രാജസ്ഥാന്റെ നായകസ്ഥാനത്തേക്കുള്ള സാധ്യതകളില്‍ മുന്നില്‍.

കഴിഞ്ഞ സീസണില്‍ 9ാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ്,  പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങളില്‍ ബഹുദൂരം മുന്നിലാണ്. പരിശീലക സംഘത്തെ തന്നെ ഉടച്ചുവാര്‍ത്താണ്  രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയത്. രാഹുല്‍ ദ്രാവിഡിന് പകരം കുമാര്‍ സംഗക്കാര ഹെഡ് കോച്ചായി എത്തി. സിഇഒ ജേക്ക് ലഷുമായും റോയല്‍സ് വഴിപിരിഞ്ഞു. കളത്തിലും പുതിയ മുഖം തേടുകയാണ് രാജസ്ഥാന്‍. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജ, സാം കറണ്‍ അതല്ലെങ്കില്‍ മതീഷ പതിരാന എന്നിവര്‍ ടീമിലേക്ക് എത്തുമെന്നാണ് അഭ്യൂഹം. ജഡേജയെത്തിയാല്‍ ടീമിലെ മുതിര്‍ന്ന താരമാകുമെങ്കിലും നായകസ്ഥാനം ഏല്‍പ്പിക്കില്ല. ഇന്ത്യന്‍ ടീമംഗവും ഓപ്പണറുമായ യശസ്വി ജയ്സ്വാളാണ് രാജസ്ഥാന്റെ ഒന്നാം നമ്പര്‍ ഓപ്ഷന്‍. ക്യാപ്റ്റന്‍സിയില്‍ മുന്‍പരിചയമില്ലെന്നത് മാത്രമാണ് മൈനസ് മാര്‍ക്ക്. അഭ്യന്തര സീസണില്‍ 90 ശരാശരിയില്‍ റണ്‍സ് നേടി തിളങ്ങിനില്‍ക്കുന്ന ധ്രുവ ജുറേലും പരിഗണനയിലുണ്ട്. സഞ്ജു പരുക്കേറ്റ് പുറത്തിരുന്നപ്പോള്‍  ടീമിനെ നയിച്ചത് യുവതാരം റിയാന്‍ പരാഗ് ആയിരുന്നെങ്കിലും  സ്ഥിരം നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല

ENGLISH SUMMARY:

Sanju Samson's potential move to Chennai Super Kings is creating buzz. Rajasthan Royals is considering Yashasvi Jaiswal and Dhruv Jurel as captaincy options as they prepare for the new IPL season.