പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്നേഹസമ്മാനവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ബുധനാഴ്ച പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന സ്വീകരണത്തിലാണ് നമോ 1 എന്ന് രേഖപ്പെടുത്തിയ ടീം ജേഴ്സി സമ്മാനിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന്‍റെ നേതൃത്വത്തില്‍ മുഴുവന്‍ താരങ്ങളും സ്വീകരണത്തില്‍ പങ്കെടുത്തു. ടീം അംഗങ്ങളെല്ലാവരും ചേര്‍ന്ന് ഒപ്പിട്ട ജേഴ്സിയാണ് നല്‍കിയത്.
നേരിട്ട് കാണുമ്പോള്‍ പ്രധാനമന്ത്രിക്ക് നൽകാനായി ഒരു പ്രത്യേക സമ്മാനം ടീം ഒരുക്കിയിട്ടുണ്ടെന്ന് പ്ലെയർ ഓഫ് ദി ടൂർണമെന്റ് ദീപ്തി ശർമ്മ ഫൈനലിന് ശേഷം വെളിപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ വളരെയധികം പ്രചോദനം നൽകുന്നതാണ്. ടീമിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം പ്രചോദനത്തിന്‍റെ ഉറവിടമായി നിലകൊണ്ടിട്ടുണ്ടെന്നും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന പറഞ്ഞു. ഇന്ത്യയിലെ വിവിധ മേഖലകളിലുള്ള സ്ത്രീകൾ വലിയ വിജയം നേടുന്നതിന് കാരണം പ്രധാനമന്ത്രിയുടെ പ്രോത്സാഹനമാണെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു. ദീപ്തി ശര്‍മയുടെ ഇൻസ്റ്റാഗ്രാമിലെ "ജയ് ശ്രീറാം" പോസ്റ്റും കൈയിലെ ഹനുമാൻ ടാറ്റൂവും താൻ ശ്രദ്ധിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. തന്‍റെ വിശ്വാസം തനിക്ക് ആന്തരിക ശക്തി നൽകുന്നുവെന്ന് ദീപ്തി അദ്ദേഹത്തിന് മറുപടിയായി പറഞ്ഞു.
ഫൈനലില്‍ അര്‍ധസെഞ്ചറിയും അഞ്ച് വിക്കറ്റുമായി ദീപ്തിയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റില്‍ 215 റണ്‍സും 22 വിക്കറ്റുകളും നേടിയ ദീപ്തിയായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ്.