78 പന്തില്‍ 87, ഷെഫാലി വര്‍മയുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഫൈനലില്‍ മികച്ച ടോട്ടലുണ്ടാക്കി നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 104 റണ്‍സാണ് സ്മൃതി മന്ഥന–ഷെഫാലി സഖ്യം നേടിയത്. വനിതാ ലോകകപ്പിനുള്ള സ്ക്വാഡില്‍ ഉള്‍പ്പെടാതിരുന്ന ഷെഫാലി, പ്രതീക റാവലിന്‍റെ പരുക്കിനെ തുടര്‍ന്നാണ് ടീമിലേക്ക് എത്തുന്നത്.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കുന്നതിനും മാസങ്ങള്‍ക്ക് മുന്‍പ് വ്യക്തിപരമായും പ്രൊഫഷണലായും ജീവിതത്തിലെ മോശം അവസ്ഥയിലൂടെയാണ് ഷെഫാലി കടന്നു പോയത്. ബാറ്റിങിലെ സ്ഥിരതയില്ലായ്മ കാരണം ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കി. ഇതേസമയമാണ് പിതാവിന്‍റെ ആരോഗ്യസ്ഥിതി മോശമായതും. ടീമില്‍ നിന്ന് ഒഴിവാക്കിയ കാര്യം അച്ഛനോട് പറയാന്‍ അന്ന് ധൈര്യമുണ്ടായിരുന്നില്ലെന്ന് ഷെഫാലി പറയുന്നു.
'എന്നെ ടീമില്‍ നിന്നും ഒഴിവാക്കിയതിന് രണ്ട് ദിവസം മുന്‍പാണ് അച്ഛന് ഹൃദയാഘാതം വന്നത്. അദ്ദേഹം അന്നും ആശുപത്രിയിലായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് പിന്നീട് അച്ഛനോട് കാര്യം പറയുന്നത്'. ഷെഫാലിയുടെ ക്രിക്കറ്റ് വിജയത്തില്‍ പ്രധാന പങ്കുവഹിച്ച സഞ്ജീവ് വര്‍മ അന്നും മകള്‍ക്കൊപ്പം നിന്നു. ഒരു പ്രശ്നവുമില്ല, പരിശീലനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കൂ എന്നായിരുന്നു പിതാവിന്‍റെ വാക്കുകള്‍. 'നിന്‍റെ സമയം വരും.. എപ്പോഴും തയ്യാറായിരിക്കുക മാത്രമാണ് നീ ചെയ്യേണ്ടത്' എന്നായിരുന്നു സഞ്ജീവ് വര്‍മ പറഞ്ഞത്.
അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് മാറി നിന്ന സമയത്ത് ആഭ്യന്തര ക്രിക്കറ്റിൽ വിവിധ ഫോർമാറ്റുകളില്‍ ഷെഫാലി തകര്‍ത്തടിച്ചു. ബിസിസിഐ വണ്‍–ഡേ ട്രോഫിയില്‍ 75.28 ശരാശരിയില്‍ 527 റണ്‍സാണ് ഷെഫാലി നേടിയത്. 152.31 ആയിരുന്നു സ്ട്രൈക്ക്റേറ്റ്. ടൂര്‍ണമെന്‍റില്‍ ക്വാര്‍ട്ടറില്‍ 197 റണ്‍സും ഷെഫാലി നേടി. വുമണ്‍സ് ചലഞ്ചര്‍ ട്രോഫിയില്‍ 414 റണ്‍സാണ് ഓപ്പണര്‍ അടിച്ചെടുത്തത്.
സെമി ഫൈനല്‍ മത്സരത്തിന് മുന്നോടിയായാണ് ഷെഫാലി ലോകകപ്പിനുള്ള ടീമിലേക്ക് എത്തുന്നത്. ലീഗ് ഘട്ടത്തില്‍ ബംഗ്ലാദേശിനെതിരായ മല്‍സരത്തിലാണ് ഫീല്‍ഡിങിനിടെ ഓപ്പണര്‍ പ്രതീക റാവലിന് കണങ്കാലിന് പരുക്കേല്‍ക്കുന്നത്. ഇതോടെ ഇന്ത്യയുടെ ഓപ്പണായി ഷെഫാലി ടീമിലേക്ക് എത്തി. ഓസ്ട്രേലിയയ്ക്കെതിരെ സെമിയില്‍ 10 റണ്‍സ്. പക്ഷേ നിര്‍ണായകമായ ഫൈനലില്‍ എഴു ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 87 റണ്‍സ് നേടി മികച്ച തുടക്കം ഷെഫാലി ഇന്ത്യയ്ക്കായി നല്‍കി.
ആഭ്യന്തര മത്സരങ്ങൾക്കിടയിൽ ദീപാവലിക്ക് ഷെഫാലി നാട്ടിലെത്തിയപ്പോള്‍ അക്രമോത്സുകമായ കളിരീതി ഉപേക്ഷിക്കരുതെന്നായിരുന്നു നിര്‍ദ്ദേശിച്ചതെന്നും പിതാവ് പറഞ്ഞു. 'ആദ്യത്തെ രണ്ടോ നാലോ ഓവറുകൾ പിടിച്ചുനിന്നാൽ, ബാക്കി ഇന്നിങ്സ് നിന്‍റേതാണ്. ലോകകപ്പിനുള്ള വിളി വന്നപ്പോൾ കഠിനാധ്വാനമാണ് ഫലം കണ്ടെന്ന് മാത്രമാണ് അവളോട് പറഞ്ഞത്' എന്നും സഞ്ജീവ് വര്‍മ പറഞ്ഞു.
'പ്രതീകയ്ക്ക് സംഭവിച്ചത് നല്ല കാര്യമായിരുന്നില്ല. ഒരു കായികതാരത്തിനും അത്തരമൊരു പരിക്കുണ്ടാകാൻ ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ, നല്ല എന്തെങ്കിലും ചെയ്യാൻ വേണ്ടിയാണ് ദൈവം എന്നെ ഇവിടെ എത്തിച്ചത്', എന്നായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചായ ഷെഫാലി പറഞ്ഞത്.