വനിതാ താരങ്ങള്‍ ഏകദിന ലോകകപ്പ് നേടിയതിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ മാച്ച് ഫീ ഇരട്ടിയിലേറെ വര്‍ധിപ്പിച്ച് ബിസിസിഐ. വേതനം ഘടന തുല്യമാക്കുന്നതിനായാണ് പരിഷ്കാരം. മാച്ച് ഫീ വര്‍ധിപ്പിച്ച തീരുമാനം ബോര്‍ഡിന്‍റെ പരമോന്നത കൗണ്‍സിലും അംഗീകരിച്ചു. പുതിയ വേതന ഘടന അനുസരിച്ച് ആഭ്യന്തര ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കിറങ്ങുന്ന സീനിയര്‍ താരങ്ങള്‍ക്ക് പ്രതിദിനം അന്‍പതിനായിരം മുതല്‍ അറുപതിനായിരം രൂപ വരെ പ്രതിഫലമായി ലക്ഷിക്കും. 20,000 രൂപയായിരുന്നു (റിസര്‍വ് താരങ്ങള്‍ക്ക് 10,000) ഇതുവരെ നല്‍കിവന്നിരുന്നത്.
സീനിയര്‍ താരങ്ങളുടെ ഏകദിന–ബഹുദിന ടൂര്‍ണമെന്‍റുകള്‍ക്ക് പ്ലേയിങ് ഇലവനിലുള്ളവര്‍ക്ക് പ്രതിദിനം അന്‍പതിനായിരം രൂപ വീതം ലങിക്കും. റിസര്‍വിലുള്ളവര്‍ക്ക് 25,000 വീതവും അക്കൗണ്ടിലെത്തും. ദേശീയതലത്തിലുള്ള ട്വന്‍റി20 മല്‍സരങ്ങള്‍ക്ക് പ്ലേയിങ് ഇലവനിലുള്ളവര്‍ക്ക് ദിവസം 25,000 രൂപ വീതവും റിസര്‍വിലുള്ളവര്‍ക്ക് 12,500 രൂപയും ലഭിക്കും. പരിഷ്കാരം പ്രാബല്യത്തിലാകുന്നതോടെ ഫുള്‍ സീസണിലും കളിക്കാനിറങ്ങുന്ന താരങ്ങള്‍ക്ക് 12 ലക്ഷത്തിനും 14 ലക്ഷത്തിനും ഇടയില്‍ വരുമാനം ലഭിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കുന്നു.
മാച്ച് ഒഫീഷ്യലുകള്‍ക്കുള്ള പ്രതിഫലവും ജൂനിയര്‍ വനിതാ താരങ്ങള്‍ക്കുള്ള പ്രതിഫലവും ബിസിസിഐ വര്‍ധിപ്പിച്ചിട്ടുണ്ട്. അണ്ടര്‍ 19, അണ്ടര്‍ 23 വിഭാഗത്തിലുള്ളവര്‍ക്ക് പ്രതിദിനം 25,000 രൂപവീതവും റിസര്‍വിലുള്ളവര്‍ക്ക് 12,500 രൂപയും ലഭിക്കും.
ആഭ്യന്തര ടൂര്‍ണമെന്‍റുകളിലെ ലീഗ് മല്‍സരങ്ങള്‍ക്ക് അംപയര്‍മാര്‍ക്കും മാച്ച് റഫറിമാര്‍ക്കും പ്രതിദിനം 40,000 രൂപ വീതം ലഭിക്കും. നോക്കൗട്ട് മല്‍സരങ്ങള്‍ക്ക് പ്രതിദിനം 50,000 രൂപ മുതല്‍ 60,000 രൂപ വരെ ലഭിക്കാം. ഇത് കളിയുടെ പ്രാധാന്യവും മറ്റ് സാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയാവും നിശ്ചയിക്കുക. വേതനം വര്‍ധിപ്പിച്ചതോടെ രഞ്ജി മല്‍സരങ്ങള്‍ നിയന്ത്രിക്കുന്ന അംപയര്‍മാര്‍ക്ക് 1.60 ലക്ഷം രൂപ കളിയില്‍ നിന്ന് ലഭിക്കും. നോക്കൗട്ട് മല്‍സരങ്ങളിലേക്ക് എത്തുമ്പോള്‍ കളിക്ക് ഇത് രണ്ടര മുതല്‍ മൂന്ന് ലക്ഷം വരെ ഉയരും. വേതനം വര്‍ധിപ്പിച്ച നടപടി വനിതാ ക്രിക്കറ്റ് താരങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം മെച്ചപ്പെടുത്തുമെന്നും കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റിലേക്ക് കടന്നുവരാന്‍ പ്രചോദനമാകുമെന്നും ബിസിസിഐ പ്രതീക്ഷിക്കുന്നു.