വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ വനിതകൾക്ക് ആശംസകളുമായി മുഖ്യമന്ത്രി പിറണായി വിജയന്‍. രാജ്യത്തിനാകെ അഭിമാനം പകരുന്നതാണ് ഈ വിജയമെന്നും ആൺകുട്ടികളുടെ വിജയങ്ങൾ മാത്രം ആഘോഷിക്കപ്പെടുന്ന പുരുഷാധിപത്യ സമൂഹത്തിൽ രാജ്യത്തെ ഓരോ പെൺകുട്ടിക്കും ഈ ലോകകപ്പ് വിജയം നൽകുന്ന ഊർജ്ജം ചെറുതല്ലെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ആദ്യ കിരീടം നേടി ചരിത്രം കുറിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ടൂർണമെന്‍റിലുടനീളം ഇന്ത്യൻ ടീം കാഴ്ചവെച്ച പോരാട്ടവീര്യം എടുത്തു പറയേണ്ടതുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനും കായിക മേഖലയ്ക്കും മാത്രമല്ല രാജ്യത്തിനാകെ തന്നെ അഭിമാനം പകരുന്നതാണ് ഈ വിജയം. ആൺകുട്ടികളുടെ വിജയങ്ങൾ മാത്രം ആഘോഷിക്കപ്പെടുന്ന പുരുഷാധിപത്യ സമൂഹത്തിൽ രാജ്യത്തെ ഓരോ പെൺകുട്ടിക്കും ഈ ലോകകപ്പ് വിജയം നൽകുന്ന ഊർജ്ജം ചെറുതല്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു.
ഇന്ത്യന്‍ വനിതാ ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തേ എത്തിയിരുന്നു. ‘സ്പെക്ടാക്കുലർ വിൻ’ എന്നാണ് മോദി എക്സിൽ കുറിച്ചത്. ചരിത്രപരമായ വിജയമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ടീമിലെ എല്ലാവരും ടൂർണമെന്റിലുടനീളം അസാധാരണമായ കഴിവും ആത്മവിശ്വാസവും പ്രകടിപ്പിച്ചുവെന്നും ടീം വർക്കിനെയും സ്ഥിരോത്സാഹത്തെയും പ്രശംസിക്കുവെന്നും പറഞ്ഞു. ഈ വിജയം ഭാവിയില്‍ ഒട്ടേറെപേര്‍ക്ക് കായികരംഗത്തേക്ക് മുന്നോട്ടുവരാന്‍ പ്രചോദനമാകട്ടെയെന്നും മോദി കുറിച്ചു.
അത്യന്തം ആവേശം നിറഞ്ഞ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമാറി വന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യയുടെ കിരീടനേട്ടം. ഷെഫാലി വര്‍മയുടെയും (78 പന്തില്‍ 87) ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയുടെയും അര്‍ധസെഞ്ചറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഓപ്പണിങ് വിക്കറ്റില്‍ 104 റണ്‍സ് നേടിയ സ്മൃതി മന്ഥന–ഷെഫാലി സഖ്യം തകര്‍പ്പന്‍ തുടക്കമാണ് ടീമിന് നല്‍കിയത്. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ 5 വിക്കറ്റ് വീഴ്ത്തി.