വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ടീം സ്കോര്‍ 160 പിന്നിട്ടു. 78 പന്തില്‍ 87 റണ്‍സ് നേടിയ ഓപ്പണര്‍ ഷെഫാലി വര്‍മയുടെ അര്‍ധസെഞ്ചറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. 7 ഫോറും രണ്ട് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിങ്സ്. 49 പന്തിലായിരുന്നു ഷെഫാലിയുടെ അര്‍ധശതകം. 45 റണ്‍സെടുത്ത സ്മൃതി മന്ഥനയുടെ വിക്കറ്റാണ് നഷ്ടമായത്. ഷെഫാലി വര്‍മയും കഴിഞ്ഞ മത്സരത്തിലെ താരം ജമീമ രോഡ്രിഗസുമാണ് ക്രീസില്‍. ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ദക്ഷണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴമൂലം 2 മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയതെങ്കിലും ഓവറുകള്‍ വെട്ടിച്ചുരുക്കിയിട്ടില്ല.
മഴ മൂലം ഇന്ന് മത്സരം പൂര്‍ത്തിയായില്ലെങ്കില്‍ നാളെ റിസര്‍വ് ദിനമുണ്ട്. സാധാരണ ദിവസങ്ങളിലേതുപോലെ ഓവറുകള്‍ ചുരുക്കി മഴനിയമപ്രകാരം മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലേ റിസര്‍വ് ദിനം ഉപയോഗിക്കൂ. റിസർവ് ഡേയിലും മഴ കളി മുടക്കിയാല്‍ ലോകകപ്പ് ഇരു രാജ്യങ്ങളും ചേർന്ന് പങ്കുവക്കും.