വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ആദ്യ സെഞ്ചറി പിറന്നു. ഇംഗ്ലീഷ് താരം നാറ്റ് സ്കിവര്‍–ബ്രന്‍റ് ആണ് ഡബ്ല്യുപിഎല്ലിലെ ആദ്യശതകം എന്ന തകര്‍ക്കപ്പെടാനാകാത്ത റെക്കോര്‍ഡിന് ഉടമയായത്. മുംബൈ താരമായ സ്കിവര്‍–ബ്രന്‍റ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വെറും 57 പന്തില്‍ 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 16 ഫോറും ഒരു സിക്സും ഉള്‍പ്പെട്ടതാണ് ചരിത്രം കുറിച്ച ഇന്നിങ്സ്. സ്കിവര്‍–ബ്രന്‍റിന്‍റെ മികവില്‍ മുംബൈ 4 വിക്കറ്റിന് 199 റണ്‍സ് എന്ന കൂറ്റന്‍ സ്കോറും കുറിച്ചു.
പത്തുതവണയാണ് ഡബ്ല്യുപിഎല്ലില്‍ ബാറ്റര്‍മാര്‍ തൊണ്ണൂറോ അതിലേറെയോ റണ്‍സ് സ്കോര്‍ ചെയ്തത്. സീസണിന്‍റെ തുടക്കത്തില്‍ സ്മൃതി മന്ഥാനയും സോഫീ ഡിവൈനും സെഞ്ചറിക്കരികില്‍ എത്തിയിരുന്നെങ്കിലും തൊണ്ണൂറുകളില്‍ വീണു. ഇത് ആവര്‍ത്തിക്കരുതെന്നുറപ്പിച്ചാണ് നാറ്റ് സ്കിവര്‍–ബ്രന്‍റ് വഡോദരയില്‍ ബാറ്റുവീശിയത്. മൂന്നാം ഓവറില്‍ മുംബൈ ഒരുവിക്കറ്റിന് 16 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സ്കിവര്‍–ബ്രന്‍റ് ക്രീസിലെത്തിയത്. ഓപ്പണര്‍ ഹെയ്‍ലി മാത്യൂസിനൊപ്പം വെറും 73 പന്തില്‍ 131 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അവസാനഘട്ടത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്‍റെ വെടിക്കെട്ട് കൂടിയായതോടെ മുംബൈ മികച്ച സ്കോറിലെത്തി.
ശ്രേയാങ്ക പട്ടേലിന്‍റെ പന്തില്‍ സിംഗിളെടുത്താണ് നാറ്റ് സ്കിവര്‍–ബ്രന്‍റ് സെഞ്ചറി തികച്ചത്. ഹെല്‍മറ്റും ബാറ്റുമുയര്‍ത്തി അഭിവാദ്യം സ്വീകരിച്ച താരത്തിന്‍റെ 'T' സെലിബ്രേഷന്‍ ആവേശമായി. മകന്‍ തിയോഡൊര്‍ മൈക്കിളിനും പങ്കാളി കാതറിന്‍ സ്കിവര്‍–ബ്രന്‍റിനുമുള്ള സമ്മാനമായിരുന്നു മൂന്നക്കത്തെ (ത്രീ ഫിഗര്‍) സൂചിപ്പിച്ചുള്ള വിജയാഘോഷം.