ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ ട്വന്‍റി 20 ടീം വൈസ് ക്യാപ്റ്റനാക്കിയതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകനും സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ഗില്‍ നായകനായതോടെ ടീമിന്‍റെ സന്തുലനാവസ്ഥ പൂര്‍ണമായും ഇല്ലാതായതായി ശ്രീകാന്ത് വിമര്‍ശിച്ചു. സഞ്ജുവിന്‍റെയും തിലക് വര്‍മയുടെയും ബാറ്റിങ് പൊസിഷനെ ബാധിക്കുന്നതും യശസ്വി ജയ്സ്വാള്‍ പുറത്ത് കാത്തു നില്‍ക്കുന്നതും ഗില്‍ കാരണമാണെന്നും ശ്രീകാന്ത് തുറന്നടിച്ചു.
അടുത്ത ട്വന്‍റി 20 ലോകകപ്പില്‍ സ്ഥാനം ഉറപ്പിക്കുകയാണ് ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ശ്രീകാന്ത് പറയുന്നത്. ഏഷ്യാകപ്പിലൂടെയാണ് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ട്വന്‍റി 20 വൈസ് ക്യാപ്റ്റനായി ഗില്‍ ടീമിലേക്ക് തിരിച്ചെത്തിയത്. ശേഷം ഒന്‍പത് ഇന്നിങ്സുകളില്‍ 24.14 ശരാശരിയില്‍ 169 റണ്‍സാണ് ഗില്‍ നേടിയത്.
'അടുത്ത മൂന്ന് മത്സരങ്ങളിൽ അവർ ഗില്ലിനെ ഒഴിവാക്കില്ല. മറ്റൊന്നിനെക്കുറിച്ചും ടീം കാര്യമാക്കുന്നില്ല. ഗില്‍ ട്വന്‍റി 20 ലോകകപ്പിനുള്ള വൈസ് ക്യാപ്റ്റനാണ്. ഇത് ഉറപ്പിച്ചു കഴിഞ്ഞു. ഭാവിയില്‍ ട്വന്‍റി20 ക്യാപ്റ്റനുമാക്കും. അതിനാല്‍ ഗില്ലുമായി കളിക്കുകയും ബാക്കി താരങ്ങള്‍ അവനുമായി ബാലന്‍സ് ഉണ്ടാക്കുകയും വേണം. അല്ലെങ്കിൽ ഏത് അടിസ്ഥാനത്തിലാണ് ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയത്' എന്നാണ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ ചോദിച്ചത്.
ഓപ്പണറായി മികച്ച റെക്കോര്‍ഡുള്ള യശസ്വി ജയ്സ്വാളിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നില്ല. തിലക് വര്‍മയ്ക്കും സഞ്ജു സാംസണും ബാറ്റിങ് ക്രമത്തില്‍ സ്ഥിരതയില്ല. ഇതിനെല്ലാം കാരണം ഗില്ലിനോടുള്ള താല്‍പര്യമാണെന്നും ശ്രീകാന്ത് വിമര്‍ശിക്കുന്നു.
'യശസ്വി ജയ്‌സ്വാൾ അവസരം കാത്ത് പുറത്തുണ്ട്. ഗില്ലിനെ ഉൾപ്പെടുത്തിയതോടെ മൊത്തത്തിലുള്ള ടീമിന്‍റെ ബാലൻസ് തെറ്റി. സഞ്ജു സാംസൺ, തിലക് വർമ്മ എന്നിവർക്ക് സ്ഥിരമായ സ്ഥാനമില്ല. അർഷ്ദീപ് സിങിന് പ്ലെയിങ് ഇലവനിൽ അവസരം നഷ്ടപ്പെടുന്നു. ട്വന്‍റി20 ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നതെന്നതില്‍ ടീം രക്ഷപ്പെടും' എന്നും ശ്രീകാന്ത് പറഞ്ഞു.