വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ദക്ഷണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴമൂലം 2 മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയതെങ്കിലും ഓവറുകള്‍ വെട്ടിച്ചുരുക്കിയിട്ടില്ല. മഴ പെയ്ത് കുതിര്‍ന്ന ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്യുന്നത് കിരീട സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ആരാധകര്‍. സെമിയില്‍ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച ടീമില്‍ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

മഴ മൂലം ഇന്ന് മത്സരം നടന്നില്ലെങ്കില്‍ നാളെ റിസര്‍വ് ദിനമുണ്ട്. സാധാരണ ദിവസങ്ങളിലേതുപോലെ ഓവറുകള്‍ ചുരുക്കി മഴനിയമപ്രകാരം മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലേ റിസര്‍വ് ദിനം ഉപയോഗിക്കൂ. റിസർവ് ഡേയിലും മഴ കളി മുടക്കിയാല്‍ ലോകകപ്പ് ഇരു രാജ്യങ്ങളും ചേർന്ന് പങ്കുവക്കും.

ഓപ്പണര്‍ സ്മൃതി മന്ഥനയും മൂന്നാം നമ്പറിൽ ടീമിന്റെ വിശ്വസ്ത ജമീമ റോഡ്രിഗ്സും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്നു. 17 വിക്കറ്റുകളുമായി മുന്നിലുള്ള ദീപ്തി ശർമയുടെ പ്രകടനം നിർണായകമാകും. ഏകദിന ലോകകപ്പ് ഉയർത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി ചരിത്രത്തിൽ ഇടംനേടാൻ ഹർമൻപ്രീത് കൗറിന് ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇന്നത്തെ പോരാട്ടം. ഗുവാഹത്തിയിൽ ഇംഗ്ലണ്ടിനെതിരെ 69 റൺസിന് പുറത്തായ ശേഷം അതേ വേദിയിൽ അതേ എതിരാളികളെ തകർത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍ പ്രവേശനം.

ഇന്ത്യ: ഷഫാലി വര്‍മ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, രാധാ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ് താക്കൂര്‍

ദക്ഷിണാഫ്രിക്ക: ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), ടാസ്മിന്‍ ബ്രിട്ട്സ്, അനെകെ ബോഷ്, സുനെ ലൂസ്, മരിസാന്‍ കാപ്പ്, സിനാലോ ജഫ്ത (വിക്കറ്റ് കീപ്പര്‍), ആനെറി ഡെര്‍ക്സെന്‍, ക്ലോ ട്രയോണ്‍, നദീന്‍ ഡി ക്ലര്‍ക്ക്, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ

ENGLISH SUMMARY:

Women's Cricket World Cup Final sees India batting first against South Africa. The match is crucial for Harmanpreet Kaur, potentially her last chance to lift the World Cup trophy as captain.