രണ്ടുവട്ടം ഹൃദയംതകര്‍ത്ത ഫൈനല്‍ മറന്ന് സ്വന്തം നാട്ടില്‍ ഏകദിന ലോകചാംപ്യന്‍മാരാകാന്‍ ഇന്ത്യന്‍ വനിതാ ടീം. നവി മുംബൈയില്‍ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ലോകകപ്പിന്റെ 13-ാം പതിപ്പിൽ പുതിയ ചാംപ്യന്‍മാരയാണ് കാത്തിരിക്കുന്നത്. മൂന്നാം തവണ ഫൈനലിലെത്തുന്ന ഇന്ത്യയും, ആദ്യമായി ഫൈനൽ കളിക്കുന്ന ദക്ഷിണാഫ്രിക്കയും.
വികാരനിർഭരമായ സെമിഫൈനലില്‍ കരുത്തരായ ഓസീസിനെ തോല്‍പിച്ചതോടെ ഫേവറിറ്റ് പട്ടം ലഭിച്ചെങ്കിലും, സമ്മർദ്ദം മറികടന്നുവേണം ഇന്ത്യയ്ക്ക് കളത്തിലിറങ്ങാൻ. ഓപ്പണര്‍ സ്മൃതി മന്ഥനയും മൂന്നാം നമ്പറിൽ ടീമിന്റെ വിശ്വസ്ത ജമീമ റോഡ്രിഗ്സും ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്നു. 17 വിക്കറ്റുകളുമായി മുന്നിലുള്ള ദീപ്തി ശർമയുടെ പ്രകടനം നിർണായകമാകും.
ഏകദിന ലോകകപ്പ് ഉയർത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി ചരിത്രത്തിൽ ഇടംനേടാൻ ഹർമൻപ്രീത് കൗറിന് ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇന്നത്തെ പോരാട്ടം. ഗുവാഹത്തിയിൽ ഇംഗ്ലണ്ടിനെതിരെ 69 റൺസിന് പുറത്തായ ശേഷം അതേ വേദിയിൽ അതേ എതിരാളികളെ തകർത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍ പ്രവേശനം. ഉയർന്ന സ്കോറുകൾക്കും വൈകുന്നേരത്തെ മഞ്ഞിനും പേരുകേട്ട ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലെ ഫ്ലാറ്റ് പിച്ചിൽ മറ്റൊരു റൺമഴയ്ക്കാണ് സാധ്യത.