India's Sanju Samson receives a throw during the Asia Cup 2025 Super Four Twenty20 international cricket match between Bangladesh and India at the Dubai International Stadium in Dubai on September 24, 2025. (Photo by Sajjad HUSSAIN / AFP)

സഞ്ജു സാംസണ്‍ തുടര്‍ച്ചയായ പരാജയപ്പെടുകയാണെങ്കില്‍ ട്വന്‍റി 20യിലും റിഷഭ് പന്തിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഒന്നാം നമ്പര്‍ കീപ്പറാണ് സഞ്ജു. ഓപ്പണിങ് റോളില്‍ കളിച്ചിരുന്ന സഞ്ജുവിനെ ഏഷ്യാകപ്പ് മുതല്‍ മിഡില്‍ ഓഡറിലേക്ക് മാറ്റിയിരുന്നു. 

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്‍റി 20യില്‍ മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ നേരിട്ട നാല് പന്തുകളിൽ ഓസീസ് ബൗളര്‍മാരുടെ പേസിനും ബൗൺസിനും മുന്നില്‍ സഞ്ജു പരുങ്ങി. നാഥൻ എല്ലിസിന്‍റെ പന്തില്‍ എൽ.ബി.ഡബ്ല്യുവായാണ് സഞ്ജു പുറത്തായത്. 

പന്തിനെ എല്ലാ ഫോര്‍മാറ്റിലെയും വിക്കറ്റ് കീപ്പറാക്കാനാണ് ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തിലുള്ള മാനേജ്മെന്‍റിന് താല്‍പര്യം  എന്നാണ് സ്പോര്‍ട്സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനൊപ്പം സഞ്ജുവിന്റെ ഫോമും തിരിച്ചടിയാണ്. 10 ഇന്നിങ്സില്‍ നിന്നും 185 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം. 120.91 ആണ് സഞ്ജുവിന്‍റെ സ്ട്രൈക്ക് റേറ്റ്. 

ഗൗതം ഗംഭീറിന്റെ പ്ലാന്‍ പ്രകാരം സ്ഥിരമായ പ്രകടനങ്ങളാണ് ടീമിൽ നിലനിൽക്കാനുള്ള പ്രധാന ഘടകം. വരുന്ന പരമ്പരകളിൽ സഞ്ജു മികച്ച പ്രകടനങ്ങള്‍ നടത്തിയില്ലെങ്കില്‍ ലോകകപ്പ് ടീമിനായുള്ള മുൻഗണന പട്ടികയിൽ സഞ്ജു ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്നും ടെലികോം ഏഷ്യ സ്പോർട്സിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. 

രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്കെതിരെ നാലു വിക്കറ്റിനാണ് ഓസ്ട്രേലിയ ജയിച്ചത്. ഇന്ത്യയുയർത്തിയ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ്, 13.2 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 40 പന്തുകൾ ബാക്കി നിൽക്കെയാണ് ഓസീസിന്‍റെ ജയം. 26 പന്തിൽ 46 റൺസെടുത്ത ക്യാപ്റ്റൻ മിച്ചൽ മാര്‍ഷാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.

ENGLISH SUMMARY:

Sanju Samson's performance is under scrutiny after recent failures. The Indian team management might consider Rishabh Pant for the wicket-keeper position in T20s if Samson's form doesn't improve.