വനിതാ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനല്‍ മല്‍സരത്തില്‍ നിര്‍ണായകമായത് ജമീമ റോഡ്രിഗ്സിന്‍റെ സെഞ്ചറിയാണ്. 339 റണ്‍സ് ലക്ഷ്യം ഇന്ത്യ പിന്തുടര്‍ന്നപ്പോള്‍ 127 റണ്‍സാണ് ജമിമ അടിച്ചെടുത്തത്. ഹര്‍മന്‍പ്രീത് കൗറുമായും ദീപ്തി ശര്‍മയുമായുള്ള നിര്‍ണായക കൂട്ടുകെട്ടുകളാണ് ഇന്ത്യയെ സഹായിച്ചത്. 

ഘട്ടത്തിലെത്തിയപ്പോള്‍ മത്സരം പൂര്‍ത്തിയാക്കാന്‍ തനിക്കാവില്ലെന്ന് തോന്നിയതായി ജെമീമ വെളിപ്പെടുത്തി. വിജയത്തിന് ശേഷം ഡ്രസിംഗ് റൂമില്‍ സംസാരിക്കുന്നതിനിടെയാണ് ജമിമയുടെ വാക്കുകള്‍. ആശങ്കകൾ ദീപ്തിയോട് പങ്കുവെക്കുകയും താൻ വളരെ ക്ഷീണിതയാണെന്ന് പറയുകയും ചെയ്തു. ദീപ്തിയുടെ പ്രോത്സാഹനമാണ് വിജയത്തിലേക്ക് എത്തിച്ചതെന്നാണ് ജമിമ പറഞ്ഞത്. 

"ഞാൻ 85 റൺസെടുത്തു നിൽക്കുമ്പോൾ, എനിക്ക് വളരെ ക്ഷീണം തോന്നി. ആ സമയത്ത് ഞാൻ ദീപ്തിയോട് സംസാരിച്ചു. 'ദീപു, നീ എന്നോട് സംസാരിച്ചുകൊണ്ടിരിക്കണം, എനിക്ക് ഇത് ചെയ്യാൻ കഴിയും എന്ന് പറയണം'. അതിനുശേഷം ഓരോ പന്തിലും ദീപ്തി എന്നെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. അവൾ പുറത്തായി തിരിച്ചുപോകുമ്പോൾ എന്നോട് പറഞ്ഞത് സാരമില്ല, നീ പോയി മാച്ച് പൂർത്തിയാക്കൂ എന്നാണ്' ജെമീമ പറഞ്ഞു.

'പാര്‍ട്ട്ണര്‍ഷിപ്പില്ലാതെ വിജയം സാധ്യമാകുമായിരുന്നില്ല. ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രത്യേക ചെറുപ്രകടനങ്ങളും നിര്‍ണായകമാണ്. ദീപ്തിയുടെ പ്രകടനം, റിച്ചയുടെ പ്രകടനം, അമൻജോതിന്റെ പ്രകടനം എന്നിവ വലിയ സമ്മർദ്ദം കുറച്ചു. തീർച്ചയായും, ഹർമൻപ്രീതും ഞാനും മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കി, പക്ഷേ മുൻപ് പലപ്പോഴും ഞങ്ങളിൽ ഒരാൾ വിക്കറ്റ് നഷ്ടപ്പെടുത്തുകയും, തുടർന്ന് കളി തോൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന്, ഇന്ത്യൻ ടീം അത് മാറ്റിമറിച്ചു' എന്നും ജമിമ പറഞ്ഞു. 

ENGLISH SUMMARY:

'I felt exhausted at 85': Jemimah Rodrigues opens up on the pressure-filled semi-final century (127) against Australia. Read how Deepti Sharma's motivation helped her lead India's 339-run chase.