വനിതാ ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതിന്‍റെ ആവേശം രാജ്യമാകെ അലയടിക്കുകയാണ്. ഓസ്‌ട്രേലിയ ഉയർത്തിയ 339 റൺസ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺസ് പിന്തുടര്‍ന്നാണ് വിജയം കൈപ്പിടിയിലാക്കിയത്. 134 പന്തിൽ 127 റൺസെടുത്ത് പുറത്താകാതെ നിന്ന് ജെമീമ റോഡ്രിഗസിന്‍റെ സെഞ്ചറിയാണ് ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായത്. കളിയിലെ താരവും ജെമീമയാണ്.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം 167 റൺസിൻ്റെ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനും ജമീമക്കായി.
വിജയത്തിന് ശേഷം പിതാവിനെ കെട്ടിപ്പിടിച്ച് ജമീമ പൊട്ടിക്കരഞ്ഞു. ടൂർണമെന്റിലുടനീളം മാനസിക സമ്മർദ്ദവും ഉത്കണ്ഠയും ജമീമ തുറന്നുപറഞ്ഞു. പ്രയാസകരമായ ഈ സമയങ്ങളിൽ വിശ്വാസമാണ് കരുത്ത് നൽകിയത്. മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിൽ ബൈബിളിൽ നിന്നുള്ള വചനങ്ങൾ ആവർത്തിച്ച് പറഞ്ഞുവെന്നും ജമീമ പറഞ്ഞു. ഈ ടൂറിലുടനീളം ഞാൻ മിക്കവാറും എല്ലാ ദിവസവും കരഞ്ഞിട്ടുണ്ട്. മാനസികമായി നല്ല അവസ്ഥയിലായിരുന്നില്ല, ഉത്കണ്ഠയുണ്ടായി, ജമീമ പറഞ്ഞു.
തളർന്നുപോയപ്പോൾ സഹതാരങ്ങൾ നൽകിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ജെമീമ നന്ദി അറിയിച്ചു. യേശുവിനോട് നന്ദി പറയുന്നു, ഒരു ക്രെഡിറ്റുമെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ എല്ലാം പിന്തുണ എനിക്ക് ഊര്‍ജമായി. അമ്മയ്ക്കും അച്ഛനും എന്‍റെ കോച്ചിനും എന്നിൽ വിശ്വസിച്ച ഓരോ വ്യക്തിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നുവെന്നും ജമീമ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ അഭിമാന സ്തംഭമാകുമ്പോഴും കഴിഞ്ഞ പ്രതിസന്ധികളുടേയും വേദനയുടേയും അനുഭവങ്ങളും ജമീമക്ക് പറയാനുണ്ട്. സമൂഹമാധ്യമങ്ങളില്‍ നിരന്തരം പരിഹസിക്കപ്പെടുകയും വിശ്വാസത്തിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട് ജമീമ. സോഷ്യല്‍ മീഡിയയില്‍ സജീവമായതിന്‍റെ പേരില്‍ കരിയറിനെക്കാളുപരി റീല്‍സില്‍ ശ്രദ്ധ കൊടുക്കുന്നു എന്ന് പരിഹസിക്കപ്പെട്ടത് നിരവധി തവണ.
മുംബൈയിലെ ഒരു ക്ലബ്ബിന്റെ പരിസരം മതപരിവർത്തന പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു എന്ന ആരോപണത്തെത്തുടർന്ന് ജമിമയുടെ കുടുംബത്തിന്റെ ക്ലബ് അംഗത്വം റദ്ദാക്കപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്. ഈ വാർത്ത പുറത്തുവന്നതോടെ, ജെമിമ റോഡ്രിഗസിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണവും ട്രോളിങും ഉണ്ടായി. അവരുടെ പ്രസംഗത്തിന്‍റെ വിഡിയോകള്‍ പുറത്തുവന്നതിനുപിന്നാലെ 'ഇന്ത്യന്‍ വനിത ടീമിലെ മുഹമ്മദ് റിസ്വാന്' എന്നും പരിഹാസങ്ങളുയര്‍ന്നു. ഗ്രൗണ്ടിലും പുറത്തും വിശ്വാസം പ്രകടിപ്പിച്ചതിന്‍റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന താരമാണ് റിസ്വാനും.
എന്നാല്‍ ഇന്ത്യന്‍ ടീമിനുവേണ്ടിയുള്ള അവരുടെ പോരാട്ടത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മുന്‍പ് ട്രോളിയതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞവര്‍ സെഞ്ചറിയുടെ പേരില്‍ ജമീമയെ വാനോളം പുകഴ്ത്തുകയാണ്.