Image credit:X/jacstanley
ട്വന്‍റി20 മല്‍സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെ പന്ത് തലയില്‍ ഇടിച്ച് ഓസ്ട്രേലിയന്‍ താരത്തിന് ദാരുണാന്ത്യം. യുവ താരം ബെന്‍ ഓസ്റ്റീനാണ് മരിച്ചത്. മെല്‍ബണില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ക്ലബ് മല്‍സരത്തിന് തൊട്ടുമുന്‍പായിരുന്നു അപകടം. ഓട്ടോമാറ്റിക് ബോളിങ് മെഷീനില്‍ നിന്നും വന്ന പന്ത് അടിച്ചകറ്റാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തിന്‍റെ മര്‍മഭാഗത്ത് പന്ത് കൊള്ളുകയായിരുന്നു. നിലത്ത് വീണ ബെന്നിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബെന്‍ ഓസ്റ്റീന്‍റെ വിയോഗം തകര്‍ത്തുകളഞ്ഞുവെന്ന് ഫെന്‍ട്രീ ക്രിക്കറ്റ് ക്ലബ് പ്രതികരിച്ചു. മികച്ച ബോളറും ബാറ്ററുമായിരുന്ന ബെന്‍ അസാമാന്യപ്രതിഭയായിരുന്നുവെന്നും ഓസ്ട്രേലിയയുടെ ഭാവി വാഗ്ദാനമായിരുന്നുവെന്നും സുഹൃത്തുക്കളും സഹതാരങ്ങളും അനുസ്മരിച്ചു. വലിയ നഷ്ടമാണ് ബെന്നിന്‍റെ വിയോഗമുണ്ടാക്കിയിരിക്കുന്നതെന്നും ക്ലബ് മാനേജ്മെന്‍റ് പ്രതികരിച്ചു.
ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിനിടെ 2014 ല്‍ ഓസീസ് ടെസ്റ്റ് സൂപ്പര്‍താരമായിരുന്ന ഫില്‍ ഹ്യൂസും സമാന അപകടത്തിലാണ് മരിച്ചത്. കളിക്കിടെ പന്ത് ഹ്യൂസിന്‍റെ കഴുത്തില്‍ കൊള്ളുകയായിരുന്നു. ഓസ്ട്രേലിയയെയും ക്രിക്കറ്റ് സമൂഹത്തെയും തന്നെ കണ്ണീരിലാഴ്ത്തിയ മരണമായിരുന്നു ഇത്. പിന്നാലെ കളിക്കളത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി കര്‍ശനമായ ചട്ടങ്ങള്‍ കൊണ്ടുവന്നിരുന്നു.