ആലപ്പുഴ വണ്ടാനം ടിഡി മെഡിക്കൽ കോളേജിലെ ആറ് ഒന്നാം വർഷ എംബിബിഎസ്‌ വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചിട്ട് ഒരു വർഷം.  സഹപാഠികളുടെ ഓർമകൾ നിലനിർത്താൻ വിദ്യാർഥികളും അധ്യാപകരും പിടിഎയും ചേർന്ന് വൃന്ദാവനം എന്ന പേരിൽ ഉദ്യാനമൊരുക്കും. ലൈബ്രറിയിൽ ഇവരുടെ ചിത്രങ്ങളും സ്ഥാപിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് സർക്കാർ ഇതുവരെയും സാമ്പത്തിക സഹായം നൽകിയില്ലെന്ന് പരാതിയുണ്ട്. 

പരീക്ഷയെല്ലാം കഴിഞ്ഞ് ഒന്നിച്ച്  സിനിമ കാണാൻ പോകുമ്പോഴായിരുന്നു അപകടം. ഒന്നാം വർഷം പഠിക്കുന്ന പതിനൊന്നു പേര്‍ ഹോസ്റ്റലിൽ നിന്ന് ഒന്നിച്ചാണ് ആലപ്പുഴയിലേക്ക് പോയത്. ദേശീയ പാതയിൽ കളർകോട് ചങ്ങനാശേരി ജങ്ഷന് സമീപം കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു. ആറു പേർ മരിച്ചു.

മുഹമ്മദ് അബ്ദുൽ ജബാർ, മുഹമ്മദ് ഇബ്രാഹിം, ശ്രീദീപ് വൽസൻ, ആൽവിൻ ജോർജ്, ബി.ദേവാനന്ദൻ, ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. ഒന്നാം ചരമവാർഷികത്തിൻ ഇവരുടെ ചിത്രങ്ങൾ ലൈബ്രറി ഹാളിൽ അനാഛാദനം ചെയ്തപ്പോൾ കൂട്ടുകാർ മൗനത്തിലാണ്ടു. കുട്ടികളുടേ പേരിൽ മെഡിക്കൽ കോളേജ് വളപ്പിൽ മരങ്ങൾ നട്ടു. വൃന്ദാവനം എന്ന പേരിൽ പുന്തോട്ടവും ഒരുക്കും.

മരിച്ച കുട്ടികളുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന സഹായം നൽകുമെന്ന് മെഡിക്കൽ കോളജിലെത്തിയ മന്ത്രിമാർ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. അപകടത്തിൽ നിന്നു അത്ഭുതകരമായി രക്ഷപെട്ട അഞ്ചു വിദ്യാർത്ഥികൾ സമയമെടുത്താണെങ്കിലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. മരിച്ച വിദ്യാർഥികളിൽ ഒരാളുടെ കുടുംബത്തിന് പിടിഎ മുൻകൈയെടുത്ത് വീട് നിർമിച്ച് നൽകി. 

ENGLISH SUMMARY:

Alappuzha accident occurred a year ago, claiming the lives of six first-year MBBS students from TD Medical College. To honor their memory, a memorial garden called 'Vrindavanam' is being created, and their pictures have been placed in the library, though promised government aid is still awaited.