@viratkohli_un

പെർത്തിന് പിന്നാലെ അഡ്‍ലെയ്ഡിലും സ്കോർ ചെയ്യാനാകാതെ വിരാട് കോലി. പെർത്തിൽ എട്ടു പന്ത് നേരിട്ട കോലി അഡ്‍ലെയിൽ നേരിട്ട നാലാം പന്തിൽ എൽബിഡബ്ലുവായി. ഏകദിന കരിയറിൽ ആദ്യമായാണ് കോലി തുടർച്ചയായ രണ്ടു മത്സരങ്ങളിൽ പൂജ്യത്തിന് പുറത്താകുന്നത്.

മോശം ഫോം തുടരുന്ന കോലി ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നതായാണ് ആരാധകർ സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യുന്നത്. പുറത്താകലിന് ശേഷം ഡ്രസിങ് റൂമിലേക്കുള്ള മടക്കത്തിൽ കോലി ആരാധകർക്ക് നേരെ നടത്തിയ ആംഗ്യമാണ് പുതിയ ചർച്ചയ്ക്ക് കാരണം.

കയ്യിൽ ഗ്ലൗസ് വച്ച് ആരാധകർക്ക് നേരെ കോലി കൈ ഉയർത്തുന്ന വിഡിയോയാണ് ചർച്ചയാകുന്നത്. കോലി കളി മതിയാക്കുകയാണെന്ന സൂചന നൽകുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. പവലിയനിലേക്ക് മടങ്ങുന്നതിനിടെ എഴുന്നേറ്റ് നിന്നാണ് ആരാധകർ കോലിക്ക് ആദരവ് നൽകിയത്.

സേവ്യർ ബാർട്ട്ലെറ്റിന്‍റെ പന്തിലാണ് കോലി പുറത്തായത്. ബാർട്ട്ലെറ്റിനാണ് ഒൻപത് റൺസെടുത്ത ഗില്ലിന്‍റെയും വിക്കറ്റ്. 73 റൺസെടുത്ത രോഹിത് ശർമ്മയെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. 61 റൺസെടുത്ത ശ്രേയസ്സ് അയ്യരെയും 11 റൺസെടുത്ത കെ.എൽ രാഹുലിനെയും ആദം സാംബ ബൗൾഡാക്കി. അക്സർ പട്ടേലും വാഷിങ്ടൺ സുന്ദറുമാണ് ക്രീസിൽ.

യശസ്വി ജയ്‌സ്വാളിനെപ്പോലൊരാൾ ബെഞ്ചിൽ കാത്തിരിക്കുമ്പോൾ ടീമിൽ ഇടം നേടാൻ കടുത്ത മത്സരമുണ്ട്. താരപരിവേഷമുണ്ടെങ്കിലും കോലിക്ക് ടീമിൽ ഉറപ്പായ സ്ഥാനമില്ല. പെർത്ത് ഏകദിനത്തിന് മുന്നോടിയായി ഫിറ്റ്നസിനെയും തയ്യാറെടുപ്പുകളെയും പറ്റി കോലി സംസാരിച്ചുരുന്നു. ഞാൻ മുൻപത്തേക്കാളും ആരോഗ്യവാനാണെന്നും കളിക്കുമ്പോൾ പുതിയ ഊർജ്ജം അനുഭവിക്കാൻ കഴിയും എന്നുമായിരുന്നു കോലിയുടെ വാക്കുകൾ.

ENGLISH SUMMARY:

Virat Kohli's form is under scrutiny after failing to score in consecutive matches. This poor performance, combined with a gesture towards fans, has sparked retirement speculation in the online sports community.