Image Credit:AFP
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയുടെ ആദ്യ മല്‍സരത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ മുന്‍നിര. എട്ടുറണ്‍സെടുത്ത രോഹിത് ശര്‍മയെ ഹേസല്‍വുഡാണ് വീഴ്ത്തിയത്. അതീവ ശ്രദ്ധയോടെ ബാറ്റ് ചെയ്യാനെത്തിയ കോലിയും പിന്നാലെ സംപൂജ്യനായി മടങ്ങി. ഓഫ് സ്റ്റംപ് ദൗര്‍ഭാഗ്യം കോലിയെ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പുറത്താവല്‍. കടുത്ത സമ്മര്‍ദത്തിലും നിലയുറപ്പിക്കാന്‍ ശ്രമിച്ച ഗില്ലാവട്ടെ നഥാന്‍ എലിസിന്‍റെ പന്തില്‍ പുറത്തായി. ശ്രേയസ് അയ്യരും അക്സര്‍ പട്ടേലും ക്രീസില്‍ നില്‍ക്കെയാണ് മഴ കളി തുടങ്ങിയത്. അക്സര്‍ നാല് പന്തുകള്‍ നേരിട്ടതും മഴ വീണു.
49 ഓവറായി പുനഃക്രമീകരിച്ച് കളി വീണ്ടും ആരംഭിച്ചെങ്കിലും 12 -ാം ഓവറില്‍ വീണ്ടും മഴയെത്തിയതോടെ കളിനിര്‍ത്തിവച്ചു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ് നിലവില്‍ ഇന്ത്യ. മഴ മൂലം പെര്‍ത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറാണിത് ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസീലന്‍ഡിന്‍റെ 30/3 ആണ് ഏറ്റവും കുറഞ്ഞ സ്കോര്‍. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം ആദ്യ രാജ്യാന്തര മല്‍സരത്തിനിറങ്ങിയ കോലിയും രോഹിതും തുടക്കത്തിലേ പുറത്തായത് ആരാധകരെയും ടീമിനെയും കുറച്ചൊന്നുമല്ല നിരാശരാക്കിയത്. എട്ട് പന്തുകള്‍ നേരിട്ടിട്ടും റണ്ണൊന്നുമെടുക്കാതെ കോലി മടങ്ങുകയായിരുന്നു.