ക്രിക്കറ്റിന് ഒരു പുതിയ ഫോര്‍മാറ്റുകൂടി വരുന്നു. ട്വന്റി 20യും ടെസ്റ്റ് ക്രിക്കറ്റും ചേരുന്ന പുത്തന്‍ ഫോര്‍മാറ്റിന്റെ പേര് ടെസ്റ്റ് – 20 എന്നാണ്. അടുത്തവര്‍ഷം ആദ്യ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടക്കും.
അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ നിന്ന് അറുപതോവറും 50 ഓവറും പിന്നെ 20 ഓവറുമായി ചുരുങ്ങിയ ക്രിക്കറ്റ് പലഭാവങ്ങളിലേക്ക് ഒരു പുതിയമുഖം. ടെസ്റ്റ് ട്വന്റി..... പേര് പോലുതന്നെ 20 ഓവര്‍ വീതമുള്ള നാല് ഇന്നിങ്സുകളിലായി കളിക്കുന്ന ക്രിക്കറ്റാണ് ടെസ്റ്റ് ട്വന്റി. ആകെ 80 ഓവറുകള്‍. ടെസ്റ്റുപോലെ രണ്ടുവട്ടം ബാറ്റുചെയ്യാനും ബോള്‍ ചെയ്യാനും കഴിയും. 13നും 19 നും ഇടയില്‍ പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ ഫോര്‍മാറ്റ്. സ്പോര്‍ട്സ് വ്യവസായി ഗൗരവ് ബഹിര്‍വാനിയുടെ വണ്‍ വണ്‍ സിക്സ് നെറ്റ്്വര്‍ക്കാണ് പുത്തന്‍ ആശയത്തിന് പിന്നില്‍.
മാത്യു ഹൈഡന്‍, എ.ബി.ഡിവില്ലിയേഴ്സ്, ഹര്‍ഭജന്‍ സിങ്ങ് പിന്നെ സര്‍ ക്ലൈവ് ലോയിഡും എന്നിവരടങ്ങുന്നതാണ് കമ്പനിയുടെ ഉപദേശക സംഘം. അടുത്തവര്‍ഷം ജനുവരിയില്‍ ടെസ്റ്റ് 20യുടെ ആദ്യ ടൂര്‍ണമെന്റിന് ഇന്ത്യ വേദിയാകും.