unni-akhil

അഖിൽ മാരാർ ട്വന്‍റി 20യിൽ ചേർന്നതിന് പിന്നാലെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഏറ്റവും മഹത്തായ തീരുമാനമാണ് അഖിൽ എടുത്തതെന്ന് പറഞ്ഞ ഉണ്ണി മുകുന്ദൻ, ആശംസകളും അറിയിച്ചു. അഖിൽ മാരാരുടെ മുൻകാലങ്ങളിലെ ഓരോ കാര്യങ്ങളും എടുത്ത് പറഞ്ഞ നടൻ, താൻ ഉൾപ്പടെയുള്ളവർക്ക് അഖിൽ മാരാർ പ്രചോദനമാണെന്നും പറഞ്ഞു. ഒരു ഗോഡ്‌ഫാദറോ, തലമുറകളുടെ രാഷ്ട്രീയ പിന്തുണയോ ഇല്ലാതെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത് ധൈര്യത്തോടെയുള്ള ചുവടുവയ്പാണെന്നും ഉണ്ണി പറയുന്നു.

ഉണ്ണിയുടെ വാക്കുകൾ

അഖിൽ, നിന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും എനിക്കറിയില്ലായിരിക്കാം, പക്ഷേ നിന്റെ യാത്ര ശ്രദ്ധിച്ചിട്ടുള്ള ഏതൊരാൾക്കും ഒരു കാര്യം വ്യക്തമാണ്, നീ പ്രത്യേക പരിഗണനകളോ പാരമ്പര്യത്തിന്റെ ആനുകൂല്യങ്ങളോ ലഭിച്ചിട്ടുള്ള ഒരു ചുറ്റുപാടിൽ നിന്നല്ല വരുന്നത്. അതുതന്നെയാണ് നിന്റെ കഥയെ ഇത്രയധികം ശക്തമാക്കുന്നതും. എന്റെ ആത്മാർത്ഥമായ ആദരവിൽ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്. ഒരു ചെറിയ ഗ്രാമത്തിലെ, ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള ഒരു കുട്ടി, പടിപടിയായി ഉയർന്ന് ഇന്നത്തെ നീ ആകുന്നതും, നാളെ നീ ആകാൻ പോകുന്നതും കാണുന്നത് ആഴത്തിൽ പ്രചോദനം നൽകുന്ന ഒന്നാണ്. പുറത്തുള്ള ഒരുപാട് പേർക്ക് മാത്രമല്ല, എനിക്കും സുഹൃത്തുക്കളിൽ നിന്ന് ഞാൻ കേട്ടതനുസരിച്ച്, നീ എല്ലായ്പ്പോഴും വളരെ ബുദ്ധിയുള്ള ഒരു വിദ്യാർത്ഥിയായിരുന്നു.

ചിന്തകളിൽ വ്യക്തതയും മൂർച്ചയുള്ള അഭിപ്രായങ്ങളുമുള്ള ഒരാൾ. കാലക്രമേണ, നിന്റെ നിലപാടുകൾ നീ അവതരിപ്പിക്കുന്നത് കണ്ടപ്പോൾ ആ പറച്ചിലുകൾ ശരിയാണെന്ന് കൂടുതൽ ഉറപ്പിച്ചു. വ്യക്തത എന്നത് യാദൃച്ഛികമായി ഉണ്ടാകുന്ന ഒന്നല്ല. അത് ആഴത്തിൽ ചിന്തിക്കുന്നതിലൂടെയും, സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെയും, സത്യസന്ധമായി ജീവിക്കുന്നതിലൂടെയും ഉണ്ടാകുന്നതാണ്. നീ സോഡ വിൽക്കുന്ന, പഴക്കച്ചവടക്കാരനായി ജോലി ചെയ്യുന്ന ചിത്രങ്ങൾ. അവയെല്ലാം വളരെ ശക്തമാണ്. അവ പ്രയാസങ്ങളെക്കാളുപരി അന്തസ്സിനെയാണ് കാണിക്കുന്നത്. 'വൈറ്റ് കോളർ' ജോലിയുടെ അംഗീകാരത്തിനായി കൊതിക്കാത്ത ഒരു ചെറുപ്പക്കാരനെയാണ് അവ കാണിക്കുന്നത്. നീ ജോലി ചെയ്യാൻ തയ്യാറായിരുന്നു. കഠിനാധ്വാനം ചെയ്യാൻ. സമ്പാദിക്കാൻ. അതിൽ ഒരു വ്യക്തിയെ യാഥാർത്ഥ്യബോധമുള്ളവനാക്കുന്ന എന്തോ ഒന്നുണ്ട്. സുഖസൗകര്യങ്ങൾക്ക് ഒരിക്കലും നൽകാനാവാത്ത രീതിയിൽ അത് സ്വഭാവത്തെ രൂപപ്പെടുത്തുന്നു.

ഏകദേശം ഒരു ദശാബ്ദം മുൻപാണ് ഞാൻ നിന്നെ ആദ്യമായി കാണുന്നത്, കണ്ണുകളിൽ തീക്ഷ്ണതയുള്ള, ഒരു സിനിമ സംവിധായകനാകാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനായി. ആ കൂടിക്കാഴ്ച അപ്പോൾത്തന്നെ ഫലം കണ്ടില്ലായിരിക്കാം, പക്ഷെ എന്നിൽ തങ്ങിനിന്നത് നിന്റെ ആ 'വിശപ്പ്' ആയിരുന്നു. പിന്നീട്, നീ ഒരു സിനിമ സംവിധായകനായപ്പോൾ ഞാൻ കണ്ടത് കർമ്മനിരതനായ ഒരു മനുഷ്യനെയാണ്. അപ്പോഴും, പശ്ചാത്തലമില്ല, പിന്തുണയില്ല, ഇച്ഛാശക്തി മാത്രം.

പിന്നീട് ബിഗ് ബോസ് മലയാളത്തിലേക്കുള്ള നിന്റെ യാത്ര. ഞാൻ സാധാരണയായി സ്വകാര്യ സംഭാഷണങ്ങൾ പുറത്തുപറയാറില്ല, പക്ഷേ ഇത് പങ്കുവയ്ക്കേണ്ട ഒന്നാണ്. ഷോയിൽ പ്രവേശിക്കുന്നതിന് മുൻപുള്ള നിന്റെ ആശങ്ക ഞാൻ ഓർക്കുന്നു. ഞാൻ അന്ന് നിന്നോട് പറഞ്ഞു, 'ഞാൻ നിന്നിലൊരു വിജയിയെ കാണുന്നു, നിനക്ക് ഒന്നും നഷ്ടപ്പെടാനില്ല' എന്ന്. നീ അകത്തേക്ക് നടന്നു. നിന്റെ കഴിവിന്റെ പരമാവധി നൽകി. നീ ഗംഭീരമായി വിജയിക്കുകയും ചെയ്തു. അത് ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്.

നീ ഒരു രംഗത്തേക്ക് ഇറങ്ങിയാൽ, പകുതി മനസ്സോടെയല്ല ഇറങ്ങുന്നത്. അടുത്തിടെ, ക്രിക്കറ്റ് മൈതാനത്ത് വെച്ച് നിന്നെ കണ്ടപ്പോഴും ഇതേ കാര്യം എനിക്ക് കൂടുതൽ വ്യക്തമായി. കളിയോട് പൂർണ്ണമായും മുഴുകിനിൽക്കുന്നു. മത്സരബുദ്ധിയോടെ കളിക്കുന്നു. ഒരു ടീം പ്ലെയർ. എപ്പോഴും തന്റെ ഏറ്റവും മികച്ചത് നൽകാൻ തയ്യാറാണ്. മത്സര ക്രിക്കറ്റിനെക്കുറിച്ച് അറിയുന്ന ഏതൊരാൾക്കും അറിയാം, കേരള സ്ട്രൈക്കേഴ്സിന്റെ ഭാഗമാകുന്നത് ഒരു ചെറിയ നേട്ടമല്ലെന്ന്. അതിന് പ്രതിബദ്ധതയും അച്ചടക്കവും ഹൃദയവും ആവശ്യമാണ്.

ഒരു ഗോഡ്‌ഫാദറോ, തലമുറകളുടെ രാഷ്ട്രീയ പിന്തുണയോ ഇല്ലാതെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത് ധൈര്യമാണ്. വ്യക്തിപരമായ സുഖസൗകര്യങ്ങൾക്ക് പകരം പൊതുസേവനം തിരഞ്ഞെടുക്കുന്ന, സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ള ഒരാളെ കാണുന്നത് ഇന്നത്തെ യുവത്വത്തിന് പ്രചോദനമാണ്. ആശയങ്ങളോട് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്. വ്യക്തിപരമായി, എല്ലാ രാഷ്ട്രീയ പക്ഷത്തുമുള്ളവരോടും എനിക്ക് ബഹുമാനമുണ്ട്, കാരണം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, അവർ സമൂഹത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തീരുമാനിച്ചവരാണ്. കാഴ്ചക്കാരനായി നിന്ന് വിമർശിക്കാൻ എളുപ്പമാണ്. കളത്തിലിറങ്ങാനാണ് പ്രയാസം.

നീ സംസാരിച്ചു. വിഷയങ്ങളെ അഭിസംബോധന ചെയ്തു. ഇനി വരുന്നത് യഥാർത്ഥ പരീക്ഷണമാണ്, പ്രവൃത്തിയിൽ എത്തിക്കലാണ്. വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നത് എപ്പോഴും പ്രവൃത്തികളായിരിക്കും. ഒറ്റയ്ക്ക് നിന്ന് കാര്യങ്ങൾ നടപ്പിലാക്കാൻ ശരിക്കും ധൈര്യം വേണം. വിനയാന്വിതനായിരിക്കുക. ആ ആഗ്രഹം (വിശപ്പ്) കെടാതെ സൂക്ഷിക്കുക. നീ ഇന്നുവരെ എങ്ങനെയായിരുന്നോ, ആ മനുഷ്യനായി തന്നെ തുടരുക

ENGLISH SUMMARY:

Unni Mukundan has praised Akhil Marar's decision to join T20, calling it a great move. He highlighted Marar's journey as an inspiration to many, including himself.