രഞ്ജിട്രോഫിയുടെ ക്രിക്കറ്റിൽ പുത്തൻ പ്രതീക്ഷകളുമായി കേരളം നാളെ ക്രീസിലിറങ്ങുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കേരളം മഹാരാഷ്ട്രയെ നേരിടും. വർധിച്ച വീര്യത്തോടെയാണ് കേരളം ഇത്തവ രഞ്ജി ട്രോഫി ടൂർണമെൻറിൽ ഇറങ്ങുന്നതെന്ന് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ മനോരമ ന്യൂസിനോട് പറഞ്ഞു.
ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാനുറച്ചാണ് കേരള ടീമിൻ്റെ തയ്യാറെടുപ്പ്. കഴിഞ്ഞ സീസണിൽ ഒരു തോൽവിപോലും വഴങ്ങാതെയാണ് കേരളം ഫൈനലിൽ വിദർഭയെ നേരിട്ടത്. ആദ്യ ഇന്നിങ്സ് ലീഡിൻ്റെ മികവിലായിരുന്നു വിദർഭ ജേതാക്കളായത്. ആ അനുഭവം മുന്നിലുണ്ട്. മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കുന്ന ടീം കാര്യവട്ടം സ്റ്റേഡിയത്തിൽ കുറച്ചു ദിവസങ്ങളായി കഠിന പരിശീലനത്തിലാണ്. മികവ് തുടരുമെന്ന് അസ്ഹറുദ്ദീൻ മനോരമ ന്യൂസിനോട്
എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം. പഞ്ചാബ്, മധ്യപ്രദേശ്,കർണ്ണാടക, സൗരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഗോവ എന്നിവരാണ് എതിരാളികൾ. മികച്ച പ്രകടനവുമായി ടീമിൻ്റെ ഫൈനൽ പ്രവേശനത്തിന് വഴിയൊരുക്കിയ കഴിഞ്ഞ തവണത്തെ താരങ്ങൾ ഭൂരിഭാഗം പേരും ഇത്തവണയും ടീമിനൊപ്പമുണ്ട്. ജലജ് സക്സേനയൊഴികെ. അതേസമയം ബാറ്റിങ് നിരയിൽ സഞ്ജു സാംസൺൻ്റെ സാന്നിധ്യം ടീമിൻ്റെ ആത്മവിശ്വാസം കൂട്ടുന്നു. കഴിഞ്ഞ സീസണിൽ ഏതാനും മത്സരങ്ങളിൽ മാത്രമാണ് സഞ്ജു കളിച്ചത്. ഇത്തവണ കൂടുതൽ മൽസരങ്ങളിൽ സഞ്ജു ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം . കായിക ക്ഷമതയ്ക്കും വലിയ പ്രാധാന്യമാണ് നൽകുന്നത് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറിയെങ്കിലും സച്ചിൻ ബേബി കേരളത്തിൻ്റെ നെടുംതൂണായി തുടരും.വൈസ് ക്യാപ്റ്റൻ ബാബ അപരാജിത് അങ്കിത് ശർമ എന്നിവരാണ് അതിഥി താരങ്ങൾ