ഡല്‍ഹി ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. ഏഴുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം.  വിന്‍ഡീസ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ രണ്ടു ടെസ്റ്റ് മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരി. കെ.എല്‍.രാഹുല്‍ അര്‍ധസെഞ്ചറി (58*) നേടി. ജയ്സ്വാള്‍(8), സായ് സുദര്‍ശന്‍ (39), ഗില്‍(13), ജുറേല്‍(6*) റണ്‍െസടുത്തു. ഒന്നാം ഇന്നിങ്സില്‍ ഗില്ലും(129*) ജയ്സ്വാളും(175) സെഞ്ചറി നേടിയിരുന്നു. 

120 റൺസിന്റെ ലീഡാണ് ഫോളോ ഓൺ ഒഴിവാക്കിയ വെസ്റ്റിൻഡീസ് രണ്ടാം ഇന്നിങ്സിൽ നേടിയത്. നാലാം ദിനം അവസാന സെഷനിൽ 390 റൺസെടുത്താണ് വെസ്റ്റിൻഡീസ് രണ്ടാം ഇന്നിങ്സിൽ പുറത്തായത്. പത്താം വിക്കറ്റ് കൂട്ടുകെട്ടിൽ 79 റൺസാണ് ജസ്റ്റിൻ ഗ്രീവ്സും ജെയ്ഡൻ സീൽസും ചേർന്ന് കൂട്ടിച്ചേർത്തത്. 85 പന്തുകൾ നേരിട്ട ജസ്റ്റിൻ ഗ്രീവ്സ് 50 റൺസെടുത്തു പുറത്താകാതെനിന്നു. സീൽസ് 67 പന്തില്‍ 32 റൺസടിച്ചു. 

ജോൺ കാംബെൽ (115), ഷായ് ഹോപ് (103) എന്നിവരുടെ സെഞ്ചറിയും ക്യാപ്റ്റൻ റോസ്ടൻ ചേസ് (40) എന്നിവരുടെയും ഇന്നിങ്സുകളാണ് വിൻഡീസിനെ 350ന് മുകളിൽ സ്കോർ നേടാൻ സഹായിച്ചത്. മൂന്നാം വിക്കറ്റിൽ ജോൺ കാംബെൽ– ഷായ് ഹോപ് സഖ്യം ചേർന്ന് 177 റൺസും നാലാം വിക്കറ്റിൽ ഹോപ്– ചേസ് സഖ്യം 59 റൺസും കൂട്ടിച്ചേർത്തു. പരമ്പരയിൽ ഇതാദ്യമായാണ് ഒരു വിൻഡീസ് ജോടി 100 റൺസിനു മുകളിൽ കൂട്ടുകെട്ട് ഉണ്ടാക്കുന്നത്. ഇന്ത്യക്കായി കുല്‍ദീപും ബുമ്രയും 3 വിക്കറ്റ് വീതം വീഴ്ത്തി. സിറാജ് രണ്ടും ജഡേജയും വാഷിങ്ടണ്‍ സുന്ദറും ഒരോ വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ ഇന്ത്യ: 518/5d & 124/3. വെസ്റ്റ് ഇന്‍ഡീസ്: 248 & 390