അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുന്നതിനിടെ പാക്കിസ്ഥാനുമായുള്ള ത്രിരാഷ്ട്ര പരമ്പരയില്‍ നിന്നും അഫ്ഗാനിസ്ഥാന്‍ പിന്മാറിയേക്കുമെന്ന് സൂചന. ഇതോടെ മറ്റു സാധ്യതകളിലേക്ക് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് കടന്നു. നവംബര്‍ 17 മുതല്‍ 29 വരെ പാക്കിസ്ഥാനില്‍ നടക്കേണ്ട പരമ്പരയില്‍ ശ്രീലങ്കയാണ് മൂന്നാമത്തെ ടീം.
ത്രിരാഷ്ട്ര പരമ്പര നടക്കണമെന്നാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ മുഹ്സിന്‍ നഖ്‍വിയുടെ താല്‍പര്യം. അഫ്ഗാന്‍ കളിക്കാനെത്തില്ലെങ്കില്‍ പരമ്പര നടക്കാന്‍ ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കാന് നഖ്‍വി ഐസിസിയോട് ആവശ്യപ്പെട്ടതാണ് വിവരം.
പാക്ക്– അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാക്ക് സൈന്യവും താലിബാന്‍ സേനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുഭാഗത്തും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച കാബൂളില്‍ പാക്ക് താലിബാനെ ലക്ഷ്യമിട്ട് പാക്ക് സൈന്യം നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. ഇതിന് മറുപടിയായി ശനിയാഴ്ചയാണ്
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അഡ, ബജ്വൈര്‍, കുറം, ദിര്‍, ചിത്രാല്‍ എന്നിവിടങ്ങളിലെ പാക്ക് സൈനിക പോസ്റ്റുകളിലേക്ക് താലിബാന്‍ സൈന്യം ആക്രമണം നടത്തിയത്. താലിബാന്‍ സൈന്യത്തിന് ഒന്‍പത് പേരുടെ ജീവന്‍ നഷ്ടമായതായാണ് വ്യക്തമാക്കിയത്. 58 പാക്ക് സൈനികരെ വധിച്ചതായി താലിബാന്‍ അവകാശപ്പെട്ടു. 200 താലിബാന്‍കാരെ വധിച്ചതായാണ് പാക്ക് അവകാശവാദം. 23 സൈനികര്‍ കൊല്ലപ്പെട്ടതായി പാക്ക് സേന സമ്മതിച്ചു.
അതേസമയം, ത്രിരാഷ്ട്ര പരമ്പരയ്ക്ക് മുന്‍പ് പാക്കിസ്ഥാന്‍ ശ്രീലങ്കയെ പര്യടനത്തിന് ക്ഷണിച്ചിട്ടുണ്ട്. നവംബര്‍ 11-15 വരെയാണ് മൂന്ന് ട്വന്‍റി 20യുള്ള പരമ്പര. ഇതിനൊപ്പം ജനുവരി 1-10 വരെ ശ്രീലങ്കയില്‍ പാക്കിസ്ഥാന്‍ പര്യടനം നടത്തുന്നതിനെ പറ്റിയുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ശ്രീലങ്കന്‍ പര്യടനത്തിന് പാക്കിസ്ഥാന്‍ സമ്മതിച്ചാല്‍ ഇത് ക്രിക്കറ്റ് ഓസ്ട്രേലിയയുമായി പ്രശ്നങ്ങളുണ്ടാക്കും.
ബിഗ് ബാഷ് ലീഗില്‍ നിരവധി പാക്ക് താരങ്ങള്‍ സൈന്‍ ചെയ്തിട്ടുണ്ട്. ഡിസംബര്‍– ജനുവരിയിലായി നടക്കേണ്ട ടൂര്‍ണമെന്‍റിന് മുഴുവന്‍ സമയം ലഭ്യമാകുമെന്ന ഉറപ്പിലാണ് താരങ്ങളെ ടീമിലെടുത്തത്. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷദാബ് ഖാൻ, ഷഹീൻ ഷാ അഫ്രീദി, ഹസൻ ഖാൻ, ഹാരിസ് റൗഫ്, ഹസൻ അലി എന്നിവരെ ബിഗ് ബാഷ് ടീമുകളുമായി കരാറിലെത്തിയത്.