Kolkata: Bengal batter Abhimanyu Easwaran leaves at the end of day's play of the Ranji Trophy match against Bihar, at Eden Garden in Kolkata, Friday, Feb. 16, 2024.(PTI Photo/Swapan Mahapatra)(PTI02_16_2024_000257A)

15 അംഗ ടീമില്‍ ഇടംപിടിച്ചിട്ടും പ്ലെയിങ് ഇലവനില്‍ സ്ഥാനം കിട്ടാതിരിക്കുക... അ‍ഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒന്നില്‍ പോലും കളിക്കാന്‍ കഴിയാതിരിക്കുക. പിന്നാലെ അടുത്ത ടെസ്റ്റില്‍ ടീമിലേ ഇടം കണ്ടെത്താനാവാതെ പോവുക.. അവഗണനയുടെ കണക്കുകളാണ് അഭിമന്യു ഈശ്വരന് നിരത്താനുള്ളത്. പക്ഷേ പരിഭവം അധികം പ്രകടിപ്പിക്കാതെ, ആരെയും മുറിവേല്‍പ്പിക്കാതെ ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് താരം. 

2022 ഡിസംബറിലാണ് ഇന്ത്യന്‍ ടീമിലേക്ക് അഭിമന്യുവിനെ തേടി ആ വിളി ആദ്യമായെത്തുന്നത്. എന്നാല്‍ ഏറെ കൊതിച്ചിട്ടും ബെഞ്ചിലിരുന്ന് കളി കാണേണ്ടി വരുന്നത് വിഷമവും വേദനയും പകരുന്നതാണെന്ന് അഭിമന്യു ഒരഭിമുഖത്തില്‍ വെളിപ്പെടുത്തി. 'നിങ്ങള്‍ എല്ലാ ഊര്‍ജവും ചെലവഴിക്കുകയും, കഠിന പരിശീലനം ചെയ്യുകയും ചെയ്തിട്ടും അത് പ്രകടിപ്പിക്കാന്‍ ഇടമില്ലാതിരിക്കുക കഷ്ടമാണ്. കുടുംബവും സുഹൃത്തുക്കളും പരിശീലകനും നല്‍കുന്ന ഉറച്ച പിന്തുണയാണ് നിരാശനാകാതെ മുന്നോട്ട് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് അഭിമന്യു റെവ്​സ്പോര്‍ടിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അടുത്ത രഞ്ജി സീസണിലാണ് തന്‍റെ പ്രതീക്ഷയെന്നും താരം കൂട്ടിച്ചേര്‍ത്തു. മകനെ തഴഞ്ഞുവെന്നും ഭാവി നശിപ്പിക്കുന്നുവെന്നും അഭിമന്യുവിന്‍റെ പിതാവ് തുറന്നടിച്ചിട്ട് അധികനാളുകളും ആയിട്ടില്ല.

തനിക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദകരിക്കുകായണ് ഇപ്പോള്‍ ചെയ്യുന്നത്. കൂടുതല്‍ കഠിനമായി പരിശ്രമിക്കുക, നന്നായി പരിശീലിക്കുക. ചിലപ്പോഴൊക്കെ വിഷമം തോന്നും. അത് സ്വാഭാവികമാണ്. കൂടുതല്‍ മികച്ചതാകുക എന്നത് മാത്രമാണ് പ്രതിവിധി. പുതിയ രണ്ട് ഷോട്ടുകളിലാണ് ഈ സീസണില്‍ ഞാന്‍ ശ്രദ്ധ ചെലുത്തുന്നത്. ഭാഗ്യവശാല്‍ അത് നന്നായി വരുന്നുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ കഴിയുന്നത് ഏറ്റവും വലിയ  പ്രചോദനമാണ്. അതിപ്പോള്‍ ബംഗാളിനായി കളിക്കുമ്പോഴും അതേ അഭിമാനം എന്‍റെ ഉള്ളില്‍ നിറയാറുണ്ട്'- അഭിമന്യു വിശദീകരിച്ചു. 

യശസ്വിയെപ്പോലെ പ്രതിഭാധനരായ യുവതാരങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ അഭിമന്യുവിന് ടീമിലേക്കുള്ള പ്രവേശവും മികച്ച കളി പുറത്തെടുക്കലുമൊന്നും വിചാരിക്കുന്നത്ര എളുപ്പമാവില്ല. എന്നാലും നിരാശനാകാന്‍ താരം ഒരുക്കമല്ല. മൈക്ക്ഹസിയും സൂര്യകുമാര്‍ യാദവുമെല്ലാം തനിക്ക് പ്രചോദനമാണെന്ന് അഭിമന്യു വ്യക്തമാക്കുന്നു. 'സ്ഥിരോല്‍സാഹം കൊണ്ട് എന്താണ് ഫലമെന്നതിന് ഉദാഹരണമാണ് മൈക്ക് ഹസി. ഓസീസിനായി അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹം നടത്തിവന്നത്. സൂര്യകുമാര്‍ യാദവിനെ തന്നെ നോക്കൂ.. 30–ാം വയസിലാണ് സൂര്യകുമാര്‍ അരങ്ങേറിയത് പോലും. ഇപ്പോളിതാ ടീമിനെ നയിക്കുന്നു. ഇവരൊക്കെയാണ് പ്രചോദനം. പിന്നെ എന്തുകൊണ്ട് എനിക്ക് സാധിക്കില്ല?–താരം ശുഭ പ്രതീക്ഷയിലാണ്. 

ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിലെടുത്തിട്ടും കുല്‍ദീപിനെയും അഭിമന്യുവിനെയും ഉപയോഗിക്കാതിരുന്നതില്‍ വന്‍ വിമര്‍ശനമാണ് ഉണ്ടായത്. മറ്റെല്ലാവരും അഞ്ചില്‍ ഒരു ടെസ്റ്റ് വീതമെങ്കിലും കളിച്ചപ്പോള്‍ ബെ‍ഞ്ചിലിരിക്കാനായിരുന്നു ഇരുവരുടെയും വിധി. ഗംഭീറും ഗില്ലും തഴഞ്ഞതാണ് കാരണമെന്നായിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്തകള്‍.

ENGLISH SUMMARY:

Abhimanyu Easwaran remains hopeful despite setbacks. The cricketer focuses on domestic cricket and draws inspiration from players like Mike Hussey and Suryakumar Yadav, maintaining a positive outlook for future opportunities.