ഏഷ്യാകപ്പുമായി ബന്ധപ്പെട്ട നാടകങ്ങള്‍ അവസാനിക്കുന്നില്ല, കപ്പ് വിട്ടുകൊടുക്കില്ലെന്ന നിര്‍ബന്ധത്തില്‍ തുടരുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനായ മുഹ്സിന്‍ നഖ്‍വി കപ്പ് പൂട്ടി സ്ഥലം വിട്ടിരിക്കുകയാണ്. ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആസ്ഥാനത്താണ് നിലവില്‍ ഏഷ്യാകപ്പുള്ളത്. ചെയര്‍മാന്‍റെ അനുമതിയില്ലാതെ ഏഷ്യാകപ്പില്‍ തൊടരുത് എന്നാണ് നഖ്‍വി നല്‍കിയ നിര്‍ദ്ദേശം.
ഇന്ത്യന്‍ ടീമിനോ ബിസിസിഐയ്ക്കോ ഏഷ്യാകപ്പ് നല്‍കാന്‍ തനിക്ക് മാത്രമെ അധികാരമുള്ളൂ എന്ന നിലപാടിലാണ് നഖ്‍വി. 'ഇപ്പോഴത്തെ നിലയ്ക്ക് ദുബൈയിലെ എസിസി ഓഫീസിലാണ് ഏഷ്യാകപ്പുള്ളത്. തന്‍റെ സാന്നിധ്യത്തിലല്ലാതെ ട്രോഫി മാറ്റാനോ മറ്റാര്‍ക്കെങ്കിലും കൈമാറാനോ പാടില്ലെന്ന് നഖ്‍വി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്' എന്നാണ് നഖ്‍വിയുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.
ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചതിന് പിന്നാലെ ട്രോഫി ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാക്ക് ആഭ്യന്തര മന്ത്രിയുമായ മുഹ്സിന്‍ നഖ്‍വി. മല്‍സരം കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന നഖ്‍വി ഇന്ത്യ വിജയിച്ചതിന് പിന്നാലെ സമ്മാനദാന ചടങ്ങിനെത്തി. പാക്ക് രാഷ്ട്രീയക്കാരനില്‍ നിന്നും ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് നഖ്‍വി ട്രോഫിയുമായി ഹോട്ടലിലേക്ക് പോയത്.
ഇതിന് പിന്നാലെ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാന്‍ സമ്മതാമാണെന്ന് നഖ്‍വി അറിയിച്ചിരുന്നു. ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ ഓഫീസില്‍ വച്ച് തന്‍റെ കയ്യില്‍ നിന്നും ട്രോഫി സ്വീകരിക്കാം എന്നാണ് നഖ്‍വി പറഞ്ഞത്.