ഏഷ്യാകപ്പ് ട്രോഫിയുമായി മുങ്ങിയ പാക്ക് ആഭ്യന്തര മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനുമായ മുഹ്സിന്‍ നഖ്‍വി ട്രോഫി യു.എ.ഇ ക്രിക്കറ്റ് ബോര്‍ഡിന് കൈമാറിയതായി റിപ്പോര്‍ട്ട്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തു നിന്നും നഖ്‍വിയെ പുറത്താക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങിയതിന് പിന്നാലെയാണ് നീക്കം. ദുബായ് സ്പോര്‍ട്സ് സിറ്റിയിലെ എസിസി ആസ്ഥാനത്ത് ട്രോഫി എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നഖ്‍വി ഇതിന് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
നഖ്‍വിക്കെതിരെ ഐസിസിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ. നഖ്‍വി അധ്യക്ഷ സ്ഥാനം ദുരുപയോഗം ചെയ്യുകയാണെന്നും കായിക നിലവാരത്തിന് ചേര്‍ന്നതല്ലെന്നുമാണ് ബിസിസിഐയുടെ വാദം. ഇക്കാര്യം എസിസിയുടെ യോഗത്തില്‍ ബിസിസിഐ പ്രതിനിധികള്‍ ഉന്നയിച്ചു. ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചതിന് പിന്നാലെ ട്രോഫി ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാക്ക് ആഭ്യന്തര മന്ത്രിയുമായ മുഹ്സിന്‍ നഖ്‍വി.
എസിസി യോഗത്തില്‍ ഇന്ത്യ കിരീടം നേടിയതോ, ട്രോഫിയെ കുറിച്ചോ സംസാരിക്കാനും നഖ്‍വി താല്‍പര്യം കാണിച്ചില്ല. ആഷിഷ് ഷെലാര്‍ ആവര്‍ത്തിച്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന് ശേഷം മാത്രമാണ് ഇന്ത്യയെ അഭിനന്ദിക്കാന്‍ നഖ്‍വി തയ്യാറായത്. എസിസി ആസ്ഥാനത്ത് ട്രോഫിയും മെഡലുകളും എത്തിക്കണമെന്നും തങ്ങള്‍ അവിടെ നിന്നും അത് എടുത്തുകൊള്ളാമെന്നും ബിസിസിഐ അറിയിച്ചുവെങ്കിലും നഖ്‍വി വഴങ്ങിയില്ല. ഇന്ത്യ ചടങ്ങ് സംഘടിപ്പിക്കുകയും താന്‍ തന്നെ ട്രോഫി നല്‍കുകയും ചെയ്യുന്ന പരിഹാരം മാത്രമേ തന്‍റെ മുന്‍പിലുള്ളൂവെന്നതാണ് നഖ്‍വിയുടെ നിലപാട്.
അതേസമയം, ഇന്ത്യയ്ക്ക് ട്രോഫി സമ്മാനിക്കാന്‍ തയ്യാറാണെന്ന് നഖ്‍വി എക്സില്‍ കുറിച്ചു. ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ ഓഫീസില്‍ വച്ച് തന്‍റെ കയ്യില്‍ നിന്നും ട്രോഫി സ്വീകരിക്കാം എന്നാണ് നഖ്‍വി ബുധനാഴ്ച പറഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ താന്‍ ബിസിസിഐ പ്രതിനിധികളോട് മാപ്പു പറഞ്ഞു എന്ന വാര്‍ത്തയും നഖ്‍വി നിഷേധിച്ചു.