Asian Cricket Council (ACC) and Pakistan Cricket Board (PCB) chairman Mohsin Naqvi waits at the field at the end of the Asia Cup 2025 Twenty20 international cricket final match between India and Pakistan at the Dubai International Stadium in Dubai on September 28, 2025. (Photo by Sajjad HUSSAIN / AFP)

ഏഷ്യാകപ്പ് ട്രോഫി ഇന്ത്യയ്ക്ക് നല്‍കില്ലെന്ന് കടുത്ത നിലപാടുമായി എസിസി അധ്യക്ഷനും പിസിബി ചെയര്‍മാനുമായ മുഹ്​സിന്‍ നഖ്​വി. നഖ്​വിയില്‍ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യന്‍ ടീം വ്യക്തമാക്കിയതിന് പിന്നാലെ ട്രോഫിയും മെഡലുകളുമായി പിസിബി അധ്യക്ഷന്‍ ഹോട്ടലിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് വാക്​പോരും ശക്തമായി. 

ട്രോഫിയും മെഡലുകളുമില്ലാതെ ഇന്ത്യ വിജയാഘോഷം നടത്തുകയും മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാന്‍ ബിസിസിഐ മുന്‍കൈയെടുത്തത്. ഇതനുസരിച്ച് എസിസി–ബിസിസിഐ ഭാരവാഹികള്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. ഈ യോഗത്തിലും നഖ്​വി അങ്ങേയറ്റം പരുഷമായാണ് പെരുമാറിയത്. എസിസി ചെയര്‍മാന് യോജിക്കാത്ത തരത്തില്‍ നഖ്‌വി പെരുമാറിയെന്നും ഏഷ്യാകപ്പ് നേടിയ ടീം ഇന്ത്യയെ അഭിനന്ദിക്കാന്‍ പോലും നഖ്​വി തയ്യാറായില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആഷിഷ് ഷെലാര്‍ ആവര്‍ത്തിച്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന് ശേഷം മാത്രമാണ് ഇന്ത്യ, ഏഷ്യാക്കപ്പ് നേടിയതായി 'അറിഞ്ഞതായി' പോലും നഖ്​വി ഭാവിച്ചത്. ഇന്ത്യ കിരീടം നേടിയതോ, ട്രോഫിയെ കുറിച്ചോ സംസാരിക്കാനും നഖ്‍വി താല്‍പര്യം കാണിച്ചില്ല. എസിസി ആസ്ഥാനത്ത് ട്രോഫിയും മെഡലുകളും എത്തിക്കണമെന്നും തങ്ങള്‍ അവിടെ നിന്നും അത് എടുത്തുകൊള്ളാമെന്നും ബിസിസിഐ അറിയിച്ചുവെങ്കിലും നഖ്​വി വഴങ്ങിയില്ല. ഇന്ത്യ ചടങ്ങ് സംഘടിപ്പിക്കുകയും താന്‍ തന്നെ ട്രോഫി നല്‍കുകയും ചെയ്യുന്ന പരിഹാരം മാത്രമേ തന്‍റെ മുന്‍പിലുള്ളൂവെന്നതാണ് നഖ്വിയുടെ നിലപാട്.

നഖ്​വിയില്‍ നിന്ന് ട്രോഫി വാങ്ങില്ലെന്ന് അറിയിച്ച ഇന്ത്യ, എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് തലവനില്‍ നിന്നും ഏഷ്യാക്കപ്പ് ഏറ്റുവാങ്ങാമെന്ന് അന്നേ ദിവസം അതേ വേദിയില്‍ വച്ച് തന്നെ അറിയിച്ചുവെങ്കിലും ട്രോഫി നല്‍കുന്നത് തന്‍റെ അവകാശമാണെന്നായിരുന്നു നഖ്​വിയുടെ നിലപാട്. ഈ കടുംപിടുത്തത്തോടെ ഒരു മണിക്കൂര്‍ വൈകിയാണ് സമ്മാനദാനച്ചടങ്ങ് ആരംഭിച്ചത്. 

നിന്ദ്യമായിരുന്നു നഖ്​വിയുടെയും പാക് താരങ്ങളുടെയും പെരുമാറ്റമെന്ന് കളിക്ക് പിന്നാലെ പലഭാഗത്ത് നിന്നും കുറ്റപ്പെടുത്തലുകളുണ്ടായി. കളിയിലേക്ക് രാഷ്ട്രീയം വലിച്ച് കൊണ്ടിട്ടത് പാക്കിസ്ഥാന്‍ ആണെന്നും പാക് താരങ്ങളുടെ അംഗവിക്ഷേപങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയതെന്നും ബിസിസിഐ പറയുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ ട്രോഫിയും മെഡലുകളും എസിസി മുഖേനെ ഇന്ത്യയിലെത്തിക്കാനാമ് ബിസിസിഐ നിലവില്‍ ശ്രമിക്കുന്നത്. എന്നാല്‍ നഖ്​വി അയയുന്ന മട്ടുമില്ല. 

ENGLISH SUMMARY:

Asia Cup trophy dispute continues as ACC President Mohsin Naqvi refuses to hand over the trophy to India. BCCI is trying to resolve the issue and get the trophy through ACC channels.