പിന്തുണ മാത്രമല്ല സൂര്യകുമാര്‍ യാദവിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ PCB ചെയര്‍മാന് കൈ കൊടുത്ത സൂര്യകുമാറിന് ഇടക്കുവെച്ച് എന്ത് സംഭവിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം ഒരുവിഭാഗത്തിന്റെ ചര്‍ച്ച.
ഏഷ്യാ കപ്പ് വിവാദങ്ങള്‍ക്കിടെ ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തണോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം ചോദിക്കുന്നത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനില്‍ നിന്ന് ട്രോഫി വാങ്ങാന്‍ കൂട്ടാക്കാതിരുന്ന ഇന്ത്യന്‍ നായകന്‍ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ PCB ചെയര്‍മാന് ഹസ്തദാനം നല്‍കിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ട്രോഫിക്കൊപ്പമുള്ള ടീം ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ട് ചടങ്ങിലാണ് മൊഹ്സിന്‍ നഖ്വിക്ക് സൂര്യകുമാര്‍ കൈ കൊടുത്തത്. അന്നേ ദിവസം പാക് നായകന്‍ സല്‍മാന്‍ അലിക്ക് സൂര്യ ഹസ്തദാനം നല്‍കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ വാളുകളില്‍ നിറയുകയാണ്. ഹസ്തദാനത്തിന് അന്ന് മടി കാണിക്കാതിരുന്ന സ്കൈയ്ക്ക് പിന്നീടെന്ത് സംഭവിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു കൂട്ടരുടെ ചോദ്യം. രാജ്യസ്നേഹത്തിന്റെ പേരില്‍ നാടകം കളിക്കരുതെന്നാണ് വിമര്‍ശനം. ഹസ്തദാനം നിഷേധിക്കുന്നതും, ട്രോഫി ഏറ്റുവാങ്ങാത്തതുമാണോ ടീം ഇന്ത്യയുടെ രാജ്യ സ്നേഹത്തിന്റെ അടയാളമെന്ന് ചോദിക്കുന്നവരും കുറവല്ല. ഇന്ത്യ പാക് ആദ്യ മത്സരത്തിലെ ഹസ്തദാന വിവാദമായിരുന്നു എല്ലാത്തിനും തുടക്കം. ഹസ്തദാനം നല്‍കാമായിരുന്നെന്ന് പറഞ്ഞവരില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് ശശി തരൂരുമുണ്ടായിരുന്നു. കാര്‍ഗില്‍ യുദ്ധകാലത്തെ ഇന്ത്യ പാക് മത്സരങ്ങളടക്കം ചുണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ വിമര്‍ശനം.