ശ്രേയസ് അയ്യര്‍ക്കായി പ്രത്യേകം പ്രാര്‍ഥന നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ അമ്മ. ഛഠ് പൂജയ്ക്കിടെയാണ് ശ്രേയസിന് സുഖം പ്രാപിക്കാന്‍ അമ്മ പ്രത്യേകം പ്രാര്‍ഥന നടത്തിയത്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിടെ പരുക്കേറ്റ ശ്രേയസ് ഇപ്പോള്‍ ചികിത്സയിലാണ്.
സൂര്യകുമാറിന്‍റെ അമ്മ ശ്രേയസിനായി പ്രാര്‍ഥന നടത്തുന്ന വിഡിയോ സൂര്യകുമാറിന്‍റെ സഹോദരിയാണ് പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.
'ശ്രേയസ് അയ്യര്‍ സുഖം പ്രാപിക്കുന്നതിന് എല്ലാവരും പ്രാര്‍ഥിക്കണം, അവന് പരുക്കേറ്റെന്ന് ഇന്നലെയാണ് അറിഞ്ഞത്. അതു കേട്ടപ്പോള്‍ എനിക്കും തീരെ സുഖം തോന്നുന്നില്ല' വിഡിയോയില്‍ ചുറ്റും കൂടിനില്‍ക്കുന്നവരോടായി സൂര്യകുമാറിന്‍റെ അമ്മ ഇങ്ങനെ പറയുന്നതും കാണാം.
സിഡ്നിയിലെ ആശുപത്രിയില്‍ കഴിയുന്ന ശ്രേയസിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്നും താരത്തെ ഐസിയുവിൽ നിന്ന് മാറ്റിയെന്നും ബിസിസിഐ അറിയിച്ചിരുന്നു. ഇടതുവാരിയെല്ലിനും പ്ലീഹയ്ക്കും പരുക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയിരുന്നത്. പരുക്കേറ്റതിന് പിന്നാലെ ഡ്രസിങ് റൂമിലെത്തിയ ശ്രേയസ് ബോധരഹിതനാവുകയായിരുന്നു. അതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.