indian-team-asiacup

ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചതിന് പിന്നാലെ ട്രോഫി ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാക്ക് ആഭ്യന്തര മന്ത്രിയുമായ മുഹ്സിന്‍ നഖ്‍വി. മല്‍സരം കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന നഖ്‍വി ഇന്ത്യ വിജയിച്ചതിന് പിന്നാലെ സമ്മാനദാന ചടങ്ങിനെത്തി. പാക്ക് രാഷ്ട്രീയക്കാരനില്‍ നിന്നും ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് നഖ്‍വി ട്രോഫിയുമായി ഹോട്ടലിലേക്ക് പോയത്. 

ന്യൂട്രല്‍ ഓഫീഷ്യലില്‍ നിന്നും മാത്രമെ ട്രോഫി സ്വീകരിക്കൂ എന്നായിരുന്നു ഇന്ത്യന്‍ നിലപാട്.  മല്‍സരം നടന്ന് രണ്ട് ദിവസമായിട്ടും ഇന്ത്യന്‍ ടീമിനുള്ള ട്രോഫിയും താരങ്ങള്‍ക്കുള്ള മെഡലും എപ്പോള്‍ ലഭിക്കും എന്നതില്‍ വ്യക്തതയില്ല. ഇന്ത്യയ്ക്ക് ട്രോഫി നല്‍കാനുള്ള സന്നദ്ധത നഖ്‍വി ഏഷ്യാകപ്പ് സംഘടാകരെ അറിയിച്ചിട്ടുണ്ട്. ഇതിന് അദ്ദേഹം ചില നിബന്ധനകളും മുന്നോട്ട് വച്ചിട്ടുണ്ട്. 

ഔദ്യോഗികമായൊരു ചടങ്ങ് സംഘടിപ്പിച്ചാല്‍ ഇന്ത്യന്‍ ടീമിന് ട്രോഫി നല്‍കാന്‍ തയ്യാറാണ് എന്ന് നഖ്‍വി പറഞ്ഞതായി Cricbuzz റിഖ‍്‍വിപ്പോര്‍ട്ട് ചെയ്തു. ചടങ്ങില്‍ ന മെഡലും ട്രോഫിയും നല്‍കാന്‍ അവസരമുണ്ടാകും എന്നാണ് അദ്ദഹം കരുതുന്നത്. എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അനുസരിച്ച് ഇതിനുള്ള സാധ്യത കുറവാണ്. 

സമ്മാനദാന ചടങ്ങ് വൈകിയതോടെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡും ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു. എമിറേറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഖാലിദ് അല്‍ സറൂനിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് അമിനുള്‍ ഇസ്‍ലാമും ചേര്‍ന്ന് ഇന്ത്യന്‍ ടീമിന് സമ്മാനം നല്‍കാനായിരുന്നു ഒത്തുതീര്‍പ്പ് ഫോര്‍മുല. നഖ്‍വി പാക്ക് ടീമിന് സമ്മാനം നല്‍കും. എന്നാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍ എന്ന നിലയില്‍ തനിക്കാണ് അധികാരം എന്ന് കാട്ടി നഖ്‍വി നിര്‍ദ്ദേശം തള്ളുകയായിരുന്നു.  

നേരത്തെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ നഖ്‍വിയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാവായ എസിസി ചെയര്‍മാനില്‍ നിന്നും ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനം ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. ഇതിനര്‍ഥം മെഡലും ട്രോഫിയുമായി മുങ്ങാമെന്നല്ല, അത് നിര്‍ഭാഗ്യകരമാണ്. ട്രോഫി സമ്മാനിക്കാത്ത സംഭവം ഐസിസിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ടീം ട്രോഫി സ്വീകരിക്കില്ലെന്ന നിലപാട് എടുത്തതോടെ സമ്മാനദാന ചടങ്ങ് 45 മിനുട്ട് വൈകിയിരുന്നു. അഭിഷേക് ശര്‍മ, തിലക് വര്‍മ, കുല്‍ദീപ് യാദവ് എന്നിവര്‍ വ്യക്തിഗത അവാര്‍ഡുകള്‍ മാത്രമാണ് സ്വീകരിച്ചത്. പാക്ക് ടീമിന് ചടങ്ങില്‍ ചെക്കും മെഡലും നല്‍കി.

ENGLISH SUMMARY:

Asia Cup trophy incident involves the Indian team's refusal to accept the trophy from the Pakistan official, leading to a delay in the ceremony. The trophy has not yet been officially awarded to the Indian team.