Image Credit:x.com/chakaravarthy29
ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ അടിപതറിച്ച പ്രകടനത്തിന് പിന്നാലെ 'വേറിട്ട' ആഘോഷവുമായി വരുണ്‍ ചക്രവര്‍ത്തി. കിടക്കയില്‍ കാപ്പിക്കപ്പ് കൈക്കുള്ളിലാക്കി വച്ച് കിടന്നുള്ള സെല്‍ഫിയാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടത്. സാങ്കല്‍പ്പിക ട്രോഫിയുമായി ഇന്ത്യ നടത്തിയ വിജയാഘോഷത്തിന്‍റെ ചിത്രങ്ങളും ഒപ്പം ചേര്‍ത്തിട്ടുണ്ട്. പിസിബി തലവന്‍ മുഹ്സിന്‍ നഖ്വി ട്രോഫിയുമായി ഹോട്ടലില്‍ പോയതിനെ പരിഹസിച്ചാണ് ചക്രവര്‍ത്തിയുടെ പോസ്റ്റ്.
നഖ്വിയുടെ കയ്യില്‍ നിന്ന് ട്രോഫി വാങ്ങില്ലെന്നും പകരം എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സറൂണിയില്‍ നിന്നും വാങ്ങാമെന്നും ഇന്ത്യന്‍ താരങ്ങള്‍ അറിയിച്ചുവെങ്കിലും മെഡലുകളും ട്രോഫിയുമായി നഖ്വി മടങ്ങുകയായിരുന്നു. തുടര്‍ന്ന് ചാംപ്യന്‍മാര്‍ക്ക് അര്‍ഹതപ്പെട്ട ട്രോഫിയില്ലാതെയായിരുന്നു ഇന്ത്യയുടെ ആഘോഷം. ശരിക്കുമുള്ള ട്രോഫി നഖ്വിയുടെ ഹോട്ടലില്‍ ഇരിക്കുന്നതിനെ കണക്കറ്റ് പരിഹസിക്കുന്നതായി ചക്രവര്‍ത്തിയുടെ പോസ്റ്റ്. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശുഭ്മന്‍ ഗില്‍, അഭിഷേക് എന്നിവരും സാങ്കല്‍പ്പിക ട്രോഫിയുമായുള്ള ചിത്രം പങ്കുവച്ചു.
2025 ലെ ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയ ശേഷവും കോഫി മഗ് ഉപയോഗിച്ച് ചക്രവര്‍ത്തി പാക്കിസ്ഥാനെ ട്രോളിയിരുന്നു.ചാംപ്യന്‍സ് ട്രോഫിയുമായി കാപ്പി കുടിക്കുന്ന ചിത്രത്തിനൊപ്പം, കപ്പിന്‍റെ രുചിയറിയാന്‍ കുറേ ദൂരം സഞ്ചരിച്ചുവെന്നായിരുന്നു അന്നത്തെ കുറിപ്പ്.
ഏഷ്യാകപ്പ് കിരീടനേട്ടത്തിന് ശേഷവും സമൂഹമാധ്യമങ്ങളിലെ പോരിന് കുറവൊട്ടുമില്ല. കളിക്കളത്തില്‍ പരിഹസിച്ച പാക് താരങ്ങള്‍ക്ക് കിരീടനേട്ടത്തിലൂടെ വായടപ്പിക്കുന്ന മറുപടിയാണ് സൂര്യകുമാറും കൂട്ടരും നല്‍കിയത്. സഞ്ജുവിനെ പുറത്താക്കിയതിന് പിന്നാലെ തല വെട്ടിച്ച് ആഘോഷിച്ച അബ്രാറിനെ കിരീട നേട്ടത്തിന് ശേഷം അര്‍ഷ്ദീപും ജിതേഷും ഹര്‍ഷിതും ചേര്‍ന്ന് കണക്കറ്റ് ട്രോളി. സഞ്ജു സാംസണെ മുന്നില്‍ നിര്‍ത്തിയ ശേഷമായിരുന്നു അര്‍ഷ്ദീപിന്‍റെയും സംഘത്തിന്‍റെയും ആഘോഷം. കളക്കളത്തില്‍ വച്ചേ റൗഫിന്‍റെ വിമാനം ബുംറ നിലത്തിറക്കിയതും ആരാധകര്‍ ആഘോഷമാക്കിയിരുന്നു.