Image Credit: AFP

Image Credit: AFP

ചിരവൈരികളായ രണ്ട് രാജ്യങ്ങള്‍ ഒരേ മൈതാനത്ത് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മൂന്നുവട്ടം ഏറ്റുമുട്ടുക. അതില്‍ രണ്ടുവട്ടവും ഒരേ രാജ്യം ഉജ്വലവിജയം നേടുക. അതേസമയം ഗാലറികളിലെ ആരവങ്ങളെക്കാള്‍ ഉച്ചത്തില്‍ വിവാദങ്ങള്‍ കത്തിക്കയറുക. ഒടുവില്‍ കലാശപ്പോരാട്ടത്തിലും അതേ രാജ്യങ്ങള്‍ ഏറ്റുമുട്ടുക. 2025ലെ ഏഷ്യാകപ്പിന് ഇതിലും വലിയൊരു ഫൈനല്‍ ലഭിക്കാനില്ല. രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയും പാക്കിസ്ഥാനും മൂന്നാംവട്ടം നേര്‍ക്കുനേര്‍ വരുമ്പോള്‍ ചരിത്രവും പാരമ്പര്യവും ഇന്ത്യയ്ക്ക് അനുകൂലം. പക്ഷേ ടൂര്‍ണമെന്‍റില്‍ പാക്കിസ്ഥാന്‍ യുവനിരയുടെ തിരിച്ചുവരവ് നല്‍കുന്ന സൂചനകള്‍ കണ്ടില്ലെന്ന് നടിക്കാനാകുമോ? ഏഷ്യാകപ്പിലെ സാധ്യതകള്‍ തിരയും മുന്‍പ് ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ ട്വന്‍റി ട്വന്‍റിയില്‍ ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ചത് എന്തെന്ന് നോക്കാം.

B-109, MUM-260928, SEPTEMBER 26, 2007:  MUMBAI: Indian team Cricket captain Mahendra Singh Dhoni holdis T20  world cup alongwith his teammates during a felicitation function at Wankhede stadium in Mumbai on Wednesday. PTI Photo

B-109, MUM-260928, SEPTEMBER 26, 2007: MUMBAI: Indian team Cricket captain Mahendra Singh Dhoni holdis T20 world cup alongwith his teammates during a felicitation function at Wankhede stadium in Mumbai on Wednesday. PTI Photo

2007 ലോകകപ്പ്: ആദ്യ ട്വന്‍റി ട്വന്‍റി ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും ആദ്യമായി കുട്ടി ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ വരുന്നത്. 2007 സെപ്തംബര്‍ 14ന് ഡര്‍ബനില്‍ നടന്ന ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ ഇരുടീമുകളും 141 റണ്‍സ് വീതമെടുത്ത് ടൈ ആയപ്പോള്‍ ഫലം നിര്‍ണയിക്കാന്‍ ബൗള്‍ ഔട്ട് വേണ്ടിവന്നു. ഇന്ത്യയ്ക്കുവേണ്ടി വീരേന്ദര്‍ സെവാഗും ഹര്‍ഭജനും റോബിന്‍ ഉത്തപ്പയും ലക്ഷ്യം കണ്ടു. എന്നാല്‍ പാക് നിരയില്‍ എല്ലാവര്‍ക്കും പിഴച്ചു. ഫലം ഇന്ത്യയ്ക്ക് 3–0ന് ജയം. ലോകകപ്പിലെ ആദ്യ ബൗള്‍ ഔട്ട് എന്ന ചരിത്രവും അവിടെ പിറന്നു.

ആദ്യ ലോകകിരീടം: 2007 ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ വന്നു. ത്രില്ലര്‍ എന്ന വാക്കിനെപ്പോലും അപ്രസക്തമാക്കിയ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ 5 റണ്‍സിന് ജയിച്ചു. കന്നി ലോകകിരീടം സ്വന്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തലവര മാറ്റിയ മല്‍സരമായിരുന്നു അത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് മാത്രമാണ് എടുത്തത്. തിരിച്ചടിച്ച പാക്കിസ്ഥാന്‍ നാല് പന്ത് ബാക്കിനില്‍ക്കേ വിജയത്തിന് തൊട്ടരികിലായിരുന്നു. എന്നാല്‍ ജോഗീന്ദര്‍ ശര്‍മ എറിഞ്ഞ ഇരുപതാം ഓവറിലെ മൂന്നാം പന്തില്‍ മിസ്ബാ ഉള്‍–ഹഖിന്‍റെ ഷോട്ട് എസ്.ശ്രീശാന്തിന്‍റെ കൈകളിലെത്തിച്ചത് ലോകകിരീടമായിരുന്നു. 16 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് പിഴുത ഇര്‍ഫാന്‍ പഠാന്‍ ഫൈനലിലെ താരമായി. ഇപ്പോഴത്തെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ആയിരുന്നു ആദ്യലോകകപ്പ് ഫൈനലിലെ ടോപ് സ്കോറര്‍. 54 പന്തില്‍ 75 റണ്‍സെടുത്ത ഗംഭീറിന്‍റെ പ്രകടനം ഇന്ത്യ ഒരിക്കലും മറക്കില്ല.

India's Gautam Gambhir acknowledges the crowd's applause as he returns after losing his wicket during their Twenty20 match against Australia in Mumbai, India, Saturday, Oct. 20, 2007. (AP Photo/Gautam Singh)

India's Gautam Gambhir acknowledges the crowd's applause as he returns after losing his wicket during their Twenty20 match against Australia in Mumbai, India, Saturday, Oct. 20, 2007. (AP Photo/Gautam Singh)

2012 ലോകകപ്പ്: ശ്രീലങ്കയില്‍ നടന്ന ട്വന്‍റി ട്വന്‍റി ലോകകപ്പിന്‍റെ ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ നാണംകെടുത്തി. 18 പന്ത് ബാക്കി നില്‍ക്കേ 8 വിക്കറ്റിന് ഇന്ത്യ വിജയം കുറിച്ചു. 19.4 ഓവറില്‍128 റണ്‍സ് ആയിരുന്നു പാക്കിസ്ഥാന്‍റെ സമ്പാദ്യം. വിരാട് കോലി നിറഞ്ഞാടിയപ്പോള്‍ ഇന്ത്യ 17 ഓവറില്‍ വെറും രണ്ടുവിക്കറ്റിന് ലക്ഷ്യം കണ്ടു. സെവാഗും യുവ്‍രാജ് സിങ്ങും കോലിക്കുപിന്നില്‍ ഉറച്ചുനിന്നു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ ലക്ഷ്മീപതി ബാലാജിയും അശ്വിനും യുവ്‍രാജും ചേര്‍ന്ന് ശ്വാസംമുട്ടിച്ചു. കോലിയായിരുന്നു കളിയിലെ താരം.

Indian cricketer Lakshmipathy Balaji celebrates after he dismissed Pakistan batsman Shahid Afridi during the ICC Twenty20 Cricket World Cup's Super Eight match between India and Pakistan at The R. Premadasa International Cricket Stadium in Colombo on September 30, 2012. AFP PHOTO/ LAKRUWAN WANNIARACHCHI

Indian cricketer Lakshmipathy Balaji celebrates after he dismissed Pakistan batsman Shahid Afridi during the ICC Twenty20 Cricket World Cup's Super Eight match between India and Pakistan at The R. Premadasa International Cricket Stadium in Colombo on September 30, 2012. AFP PHOTO/ LAKRUWAN WANNIARACHCHI

ചരിത്ര പര്യടനം: 2012ലെ ക്രിസ്മസ് ദിനം. ബെംഗളൂരു ക്രിക്കറ്റ് ആവേശത്തില്‍ ത്രസിച്ചു. പാക്കിസ്ഥാന്‍ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ മണ്ണില്‍ കളിക്കാനിറങ്ങുന്നു. ചരിത്രം കുറിച്ച പരമ്പരയിലെ ആദ്യമല്‍സരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പക്ഷേ നിരാശപ്പെടുത്തി. സ്കോര്‍ ബോര്‍ഡില്‍ 9 വിക്കറ്റിന് 133 റണ്‍സ് മാത്രം. 10 റണ്‍സില്‍ കൂടുതല്‍ എടുത്തത് ഓപ്പണര്‍മാരായ ഗൗതം ഗംഭീറും  അജിങ്ക്യ രഹാനെയും മാത്രം. പേസര്‍ ഭുവനേശ്വര്‍ കുമാര്‍ മിന്നിത്തിളങ്ങിയെങ്കിലും പാക്കിസ്ഥാനെ തളയ്ക്കാന്‍ അതുമാത്രം പോരായിരുന്നു. ഷൊയ്ബ് മാലിക്കും മുഹമ്മദ് ഹഫീസും ചേര്‍ന്ന് രണ്ടുപന്ത് ബാക്കിനില്‍ക്കേ അവരെ അനായാസം വിജയത്തിലെത്തിച്ചു. രാജ്യാന്തര ട്വന്‍റി ട്വന്‍റിയില്‍ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍റെ ആദ്യ ജയം!  61 റണ്‍സെടുത്ത മുഹമ്മദ് ഹഫീസായിരുന്നു കളിയിലെ താരം. 

umar-gul-pak-afp

Image credit: AFP

ഇന്ത്യയുടെ തിരിച്ചടി: അഹമ്മദാബാദിലായിരുന്നു ഇന്ത്യ–പാക് പരമ്പരയിലെ രണ്ടാം മല്‍സരം. അവിടെ യുവ്‍രാജ് സിങ്ങിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ തകര്‍ത്താടി. 5 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് ഇന്ത്യ കുറിച്ചിട്ടത്. വെറും 36 പന്തില്‍ 72 റണ്‍സെടുത്ത യുവ്‍രാജ് 7 തവണയാണ് പന്ത് ഗാലറികളിലെത്തിച്ചത്. 4 വിക്കറ്റെടുത്ത ഉമര്‍ ഗുലും നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയ മുഹമ്മദ് ഇര്‍ഫാനും മാത്രമേ പാക് ബോളിങ് നിരയില്‍ തിളങ്ങി. പരമ്പര നേടാനുള്ള ആവേശത്തിലാണ് പാക് ബാറ്റര്‍മാര്‍ കളി തുടങ്ങിയത്. മുന്‍നിര ബാറ്റര്‍മാര്‍ തകര്‍ത്തടിച്ചപ്പോള്‍ പാക്കിസ്ഥാന്‍ ലക്ഷ്യം കാണുമെന്ന് തോന്നിച്ചെങ്കിലും മധ്യനിര നിറംമങ്ങിയതോടെ കളി കൈവിട്ടു. മൂന്നുവിക്കറ്റ് നേടി അശോക് ദിന്‍ഡയാണ് കളി തിരിച്ചത്. അര്‍ധസെഞ്ചറിയും ഒരു വിക്കറ്റും നേടി യുവ്‍‌‍രാജ് സിങ് കളിയിലെ താരമായി. പരമ്പര സമനിലയില്‍!

Indian bowler Amit Mishra bowls during the ICC World Twenty20 tournament cricket match between India and Bangladesh at The Sher-e-Bangla National Cricket Stadium in Dhaka on March 28, 2014.   AFP PHOTO/ PUNIT PARANJPE

Image Credit: AFP

2014 ലോകകപ്പ്: ബംഗ്ലാദേശിലെ മിര്‍പുര്‍. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ–പാക് പോരാട്ടം. ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങിന് വിട്ടു. എം.എസ്.ധോണിയുടെ തീരുമാനം നൂറുശതമാനം ശരിവച്ച പ്രകടനമാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പുറത്തെടുത്തത്. ബോളിങ് ഓപ്പണ്‍ ചെയ്തത് ആര്‍.അശ്വിന്‍. അമിത് മിശ്രയും അശ്വിനും ജഡേജയും ചേര്‍ന്ന് പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കിയപ്പോള്‍ അവര്‍ വെറും 130 റണ്‍സിലൊതുങ്ങി. 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അമിത് മിശ്ര രണ്ട് നിര്‍ണായക വിക്കറ്റുകളെടുത്തു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും പിന്നാലെ വന്ന വിരാട് കോലിയും സുരേഷ് റെയ്നയും മിന്നിക്കത്തി. 9 പന്ത് ബാക്കി നില്‍ക്കേ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. മിശ്ര കളിയിലെ താരമായി. 

2016 ഏഷ്യാകപ്പ്: ഇന്ത്യ–പാക് ട്വന്‍റി ട്വന്‍റി പോരാട്ടങ്ങളില്‍ ഏറ്റവും ഏകപക്ഷീയമായ മല്‍സരങ്ങളിലൊന്നായിരുന്നു 2016 ഫെബ്രുവരി 27ന് ബംഗ്ലാദേശിലെ മിര്‍പൂരില്‍ നടന്നത്. ടോസ് നേടിയ എം.എസ്.ധോണി പാക്കിസ്ഥാനെ ബാറ്റ് ചെയ്യാനയച്ചു. നാലാമത്തെ പന്തില്‍ ഓപ്പണര്‍ മുഹമ്മദ് ഹഫീസിനെ ധോണിയുടെ കൈകളിലെത്തിച്ച് നെഹ്റ ഇന്ത്യന്‍ ആക്രമണം തുടങ്ങി. പിന്നെ കൂട്ടപ്പൊരിച്ചിലായിരുന്നു. 25 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദ് ഒഴികെ ആരും പിടിച്ചുനിന്നില്ല. രണ്ടക്കം കണ്ടത് രണ്ടേരണ്ടുപേര്‍ മാത്രം. വെറും എട്ടുറണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യന്‍ ആക്രമണത്തിന്‍റെ കുന്തമുന. മറുപടി ബാറ്റിങ്ങിനിറങ്ങിയത് ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. മുഹമ്മദ് ആമിറിന്‍റെ രണ്ടാം പന്തില്‍ രോഹിത് ശര്‍മ. നാലാം പന്തില്‍ അജിങ്ക്യ രഹാനെ. മൂന്നാം ഓവറിലെ നാലാം പന്തില്‍ സുരേഷ് റെയ്ന. അപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ എട്ടുറണ്‍സ് മാത്രം. കരുതലോടെ കളിച്ച വിരാട് കോലിയും യുവ്‍രാജ് സിങ്ങും ഇന്ത്യന്‍ സ്കോര്‍ ചലിപ്പിച്ചു. അര്‍ധസെഞ്ചറിക്ക് ഒരു റണ്‍ അകലെ കോലി വീണെങ്കിലും ധോണിയെ കൂട്ടുപിടിച്ച് യുവ്‍രാജ് 27 പന്ത് ബാക്കിനില്‍ക്കേ ഇന്ത്യയെ വിജയത്തിലെത്തിച്ചു. കോലിയായിരുന്നു കളിയിലെ താരം.

India s Hardik Pandya, right, celebrates with his teammate Virat Kohli after the dismissal of Pakistan s Mohammad Amir during the Asia Cup Twenty20 international cricket match between them in Dhaka, Bangladesh, Saturday, Feb. 27, 2016. (AP Photo/A.M. Ahad)

India s Hardik Pandya, right, celebrates with his teammate Virat Kohli after the dismissal of Pakistan s Mohammad Amir during the Asia Cup Twenty20 international cricket match between them in Dhaka, Bangladesh, Saturday, Feb. 27, 2016. (AP Photo/A.M. Ahad)

2016 ലോകകപ്പ്: ഏഷ്യാകപ്പിലെ ഏറ്റുമുട്ടലിന് മൂന്നാഴ്ചയ്ക്കുശേഷമായിരുന്നു ലോകകപ്പിലെ ഇന്ത്യ–പാക് പോരാട്ടം. അതും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍. സ്പിന്നര്‍മാര്‍ തിളങ്ങിയ ഈ മല്‍സരത്തിലും പാക്കിസ്ഥാന്‍ ചെറിയ സ്കോറിലൊതുങ്ങി. 18 ഓവറായി ചുരുക്കിയ മല്‍‍സരത്തില്‍ 5 വിക്കറ്റിന് 118 റണ്‍സെടുക്കാനേ പാക്കിസ്ഥാന് കഴിഞ്ഞുള്ളു. ഈ മല്‍സരത്തിലും ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടു. കോലി വീണ്ടും രക്ഷകനായി. 37 പന്തില്‍ പുറത്താകാതെ 55 റണ്‍സ്! 24 റണ്‍സെടുത്ത യുവ്‍രാജും 13 റണ്‍സുമായി പുറത്താകാതെ നിന്ന ധോണിയും മല്‍സരം ഇന്ത്യയുടെ വരുതിയില്‍ നിര്‍ത്തി. 13 പന്ത് ബാക്കിനില്‍ക്കേ ഇന്ത്യയ്ക്ക് അനായാസവിജയം. കോലി കളിയിലെ താരമായി.

Cricket - ICC Men's T20 World Cup 2021 - Super 12 - Group 2 - India v Pakistan - Dubai International Stadium, Dubai, United Arab Emirates - October 24, 2021 Pakistan's Shaheen Shah Afridi celebrates with teammates after taking the wicket of India's Virat Kohli REUTERS/Satish Kumar

Cricket - ICC Men's T20 World Cup 2021 - Super 12 - Group 2 - India v Pakistan - Dubai International Stadium, Dubai, United Arab Emirates - October 24, 2021 Pakistan's Shaheen Shah Afridi celebrates with teammates after taking the wicket of India's Virat Kohli REUTERS/Satish Kumar

2021 ലോകകപ്പ്: അഞ്ചര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തര ട്വന്‍റി ട്വന്‍റിയില്‍ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍. ദുബായില്‍ നടന്ന ലോകകപ്പായിരുന്നു വേദി. ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഷഹീന്‍ഷാ അഫ്രിദിയുടെ തീപാറുന്ന പന്തുകള്‍ നേരിടാന്‍ കോലിയും ഋഷഭ് പന്തും മാത്രമേ ഇന്ത്യന്‍ നിരയില്‍ മിടുക്കുകാട്ടിയുള്ളു. 20 ഓവറില്‍ 7 വിക്കറ്റിന് 151 റണ്‍സില്‍ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു. മുഹമ്മദ് റിസ്വാനും ക്യാപ്റ്റന്‍ ബാബര്‍ അസമും ആയിരുന്നു മറുപടി തുടങ്ങിയത്. 17.5 ഓവറില്‍ ഇരുവരും ചേര്‍ന്ന് പാക്കിസ്ഥാനെ അനായാസം വിജയത്തിലെത്തിച്ചു. പാക്കിസ്ഥാന് 10 വിക്കറ്റിന്‍റെ ഉജ്വലജയം. ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വി. 31 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്ത ഷഹീന്‍ഷാ അഫ്രീദി കളിയിലെ താരമായി. 

ഏഷ്യാകപ്പ് 2022: ഒരുവര്‍ഷം മുന്‍പേറ്റ തോല്‍വിക്ക് പകരംവീട്ടാനുറച്ചാണ് ഇന്ത്യ ദുബായില്‍ ഏഷ്യാകപ്പ് ഗ്രൂപ്പ് എ മാച്ചിനിറങ്ങിയത്. ടോസ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പാക്കിസ്ഥാനെ ബാറ്റിങ്ങിനയച്ചു. ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയും അര്‍ഷ്ദീപും ചേര്‍ന്ന് പാക്കിസ്ഥാനെ 147 റണ്‍സിലൊതുക്കി. ഭുവനേശ്വര്‍ നാലും അര്‍ഷ്ദീപ് മൂന്നും വിക്കറ്റെടുത്തു. ഓപ്പണര്‍ മുഹമ്മദ് റിസ്വാനും ഇഫ്തിക്കര്‍ അഹമ്മദും ഒഴികെ ആറും പാക് നിരയില്‍ പിടിച്ചുനിന്നില്ല.പതിനൊന്നാമനായി ഇറങ്ങിയ ഷാനവാസ് ദഹാനിയുടെ വെടിക്കെട്ട് ഇല്ലായിരുന്നെങ്കില്‍ സ്ഥിതി ഇതിലും കഷ്ടമായേനെ. ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തിയെങ്കിലും മധ്യനിരയുടെ പ്രകടനം ഇന്ത്യയ്ക്ക് വീണ്ടും അനായാസ ജയം സമ്മാനിച്ചു. കോലിയും ജഡേജയും ഹാര്‍ദിക്കുമായിരുന്നു ബാറ്റിങ്ങിലെ താരങ്ങള്‍. മൂന്നുവിക്കറ്റും 33 റണ്‍സുമെടുത്ത ഹാര്‍ദിക് കളിയിലെ താരമായി. 

Cricket - Asian Cup - India v Pakistan - Dubai International Stadium, Dubai, United Arab Emirates - August 28, 2022
India's Hardik Pandya celebrates after the match REUTERS/Satish Kumar

Cricket - Asian Cup - India v Pakistan - Dubai International Stadium, Dubai, United Arab Emirates - August 28, 2022 India's Hardik Pandya celebrates after the match REUTERS/Satish Kumar

സൂപ്പര്‍ഫോറിലെ തോല്‍വി: ഒരാഴ്ചയ്ക്കുശേഷം ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ വന്നു. ടോസ് നേടിയ പാക്കിസ്ഥാന്‍ ഇക്കുറി ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഓപ്പണര്‍മാരും വിരാട് കോലിയും കത്തിക്കയറിയപ്പോള്‍ ഇന്ത്യ നിരാശപ്പെടുത്തിയില്ല. 7 വിക്കറ്റിന് 181 റണ്‍സ് എന്ന പൊരുതാവുന്ന സ്കോര്‍ കുറിച്ചു. എന്നാല്‍ പാക്കിസ്ഥാന്‍ ബാറ്റര്‍മാര്‍ നിലയുറപ്പിച്ചതോടെ പദ്ധതി പാളി. 51 പന്തില്‍ 71 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്‍ മികച്ച അടിത്തറയിട്ടു. 20 പന്തില്‍ 42 റണ്‍സെടുത്ത മുഹമ്മദ് നവാസ് അതില്‍ വിജയത്തിന്‍റെ കൊട്ടാരം പണിതു. ഒരുപന്ത് ബാക്കി നില്‍ക്കേ പാക്കിസ്ഥാന് 5 വിക്കറ്റ് വിജയം. രാജ്യാന്തര ട്വന്‍റി ട്വന്‍റിയില്‍ ഇന്ത്യയ്ക്കെതിരായ രണ്ടാംജയത്തില്‍ കളിയിലെ താരമായത് മുഹമ്മദ് നവാസ് (42 റണ്‍സും ഒരുവിക്കറ്റും). 

India's Mohammed Shami appeals successfully for the dismissal of Pakistan's Iftikhar Ahmed during the T20 World Cup cricket match between India and Pakistan in Melbourne, Australia, Sunday, Oct. 23, 2022. (AP Photo/Asanka Brendon Ratnayake)

India's Mohammed Shami appeals successfully for the dismissal of Pakistan's Iftikhar Ahmed during the T20 World Cup cricket match between India and Pakistan in Melbourne, Australia, Sunday, Oct. 23, 2022. (AP Photo/Asanka Brendon Ratnayake)

2022 ലോകകപ്പ്: ഏഷ്യാകപ്പിന് പിന്നാലെ ഓസ്ട്രേലിയയില്‍ ട്വന്‍റി ട്വന്‍റി ലോകകപ്പിലും പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കുമുന്നിലെത്തി. ദുബായിലെ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ഉറപ്പിച്ചായിരുന്നു ഇന്ത്യയുടെ വരവ്. ടോസ് നേടിയ രോഹിത് ശര്‍മ ബോളിങ് തിരഞ്ഞെടുത്തു. ഭുവനേശ്വറും ഹാര്‍ദിക്കും അര്‍ഷ്ദീപിനുമൊപ്പം മുഹമ്മദ് ഷമി കൂടി എത്തിയതോടെ പാക്കിസ്ഥാന് പിടിച്ചുനില്‍ക്കാനായില്ല. ഷാന്‍ മസൂദും ഇഫ്തിക്കര്‍ അഹമ്മദും നേടിയ അര്‍ധസെഞ്ചറികളുടെ ബലത്തില്‍ 8 വിക്കറ്റിന് 159 റണ്‍സ്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ വീണ്ടും പരാജയപ്പെട്ടു. പതിവുപോലെ വിരാട് കോലിയും ഹാര്‍ദിക്കും ഒന്നിച്ചു. പാക്കിസ്ഥാന്‍ തവിടുപൊടി! അവസാനപന്തില്‍ ഇന്ത്യ ജയം കണ്ടു. കോലി പുറത്താകാതെ നേടിയ 82 റണ്‍സോടെ കളിയിലെ താരമായി. 

2024 ലോകകപ്പ്: രണ്ടുവര്‍ഷത്തിനുശേഷം അമേരിക്കയില്‍ നടന്ന ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും പിന്നീട് കണ്ടുമുട്ടിയത്. ന്യൂയോര്‍ക്കിലെ പിച്ച് കണ്ട പാക്കിസ്ഥാന്‍ ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ബാബര്‍ അസമിന്‍റെ തീരുമാനം പിഴച്ചില്ല. ഋഷഭ് പന്ത് ഒഴികെ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത് മൂന്നുപേര്‍ മാത്രം. 19 ഓവറില്‍ ഇന്ത്യ 119 റണ്‍സിന് പുറത്ത്. അനായാസവിജയം പ്രതീക്ഷിച്ചിറങ്ങിയ പാക്കിസ്ഥാന് റിസ്വാനും ബാബറും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. എന്നാല്‍ ബുംറയുടെ കളി കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്ത ബുംറയ്ക്ക് സിറാജും പാണ്ഡ്യയും ജഡേജയും അക്സറും മികച്ച പിന്തുണ നല്‍കിയപ്പോള്‍ പാക്കിസ്ഥാന്‍ വലഞ്ഞു. ഒടുവില്‍ 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അവര്‍ വിജയത്തിന് 6 റണ്‍സ് അകലെയായിരുന്നു. അതും മൂന്നുവിക്കറ്റ് കയ്യിലിരിക്കേ. ബുംറ കളിയിലെ താരമായി.

Pakistan's captain Salman Agha, left, watches as India's captain Suryakumar Yadav flips the coin at the toss ahead of the Asia Cup cricket match between India and Pakistan at Dubai International Cricket Stadium in Dubai, United Arab Emirates, Sunday, Sept. 14, 2025. AP/PTI(AP09_14_2025_000425B)

Pakistan's captain Salman Agha, left, watches as India's captain Suryakumar Yadav flips the coin at the toss ahead of the Asia Cup cricket match between India and Pakistan at Dubai International Cricket Stadium in Dubai, United Arab Emirates, Sunday, Sept. 14, 2025. AP/PTI(AP09_14_2025_000425B)

ഏഷ്യാകപ്പ് 2025: പഹല്‍ഗാമും ഓപ്പറേഷന്‍ സിന്ദൂറുമെല്ലാം പശ്ചാത്തലമൊരുക്കിയ കടുത്ത വൈരത്തിന്‍റെ അന്തരീക്ഷത്തിലാണ് ഇക്കുറി ഏഷ്യാകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിട്ടത്. പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതെ സൂര്യകുമാര്‍ യാദവ് അത് പൊലിപ്പിച്ചു. സെപ്തംബര്‍ 14ന് ദുബായില്‍ നടന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ പാക്കിസ്ഥാനായിരുന്നു ടോസ്. പുതിയ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ ബാറ്റിങ് തിരഞ്ഞെെടുത്തു. കുല്‍ദീപ് യാദവും അക്സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ചേര്‍ന്ന് പാക് നിരയെ വരിഞ്ഞുമുറുക്കി. ബുംറ തീപാറിച്ചതോടെ പാക് ഇന്നിങ്സ് 127 റണ്‍സിന് അവസാനിച്ചു. അഭിഷേക് ശര്‍മ എന്ന പ്രതിഭാസത്തിന്‍റെ കരുത്തില്‍ ഇന്ത്യ കത്തിക്കാളി. സൂര്യയും തിലകും ചേര്‍ന്ന് 25 പന്ത് ബാക്കി നില്‍ക്കേ 7 വിക്കറ്റിന്‍റെ ഉജ്വലവിജയം എഴുതിച്ചേര്‍ത്തു.

India's Abhishek Sharma watches the ball after playing a shot during the Asia Cup 2025 Super Four Twenty20 international cricket match between India and Pakistan at the Dubai International Stadium in Dubai on September 21, 2025. (Photo by Sajjad HUSSAIN / AFP)

India's Abhishek Sharma watches the ball after playing a shot during the Asia Cup 2025 Super Four Twenty20 international cricket match between India and Pakistan at the Dubai International Stadium in Dubai on September 21, 2025. (Photo by Sajjad HUSSAIN / AFP)

വീണ്ടും സൂപ്പര്‍ 4: ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യയോടെ തോറ്റ പാക്കിസ്ഥാന്‍ ടൂര്‍ണമെന്‍റില്‍ നിന്നുതന്നെ പുറത്താകുമെന്ന് തോന്നിച്ചിടത്തുനിന്നാണ് സൂപ്പര്‍ ഫോറില്‍ വീണ്ടുമൊരു അങ്കത്തിന് കളം തീര്‍ത്തത്. അവിടെ ടോസ് സൂര്യകുമാറിനായിരുന്നു. സംഘര്‍ഷത്തിന്‍റെ അന്തരീക്ഷം കൂടുതല്‍ കലുഷിതമായി നില്‍ക്കേ ഇന്ത്യ ആദ്യം ബോളിങ് തിരഞ്ഞെടുത്തു. ഗ്രൂപ്പ് മല്‍സരത്തേക്കാള്‍ മെച്ചപ്പെട്ട ബാറ്റിങ് പുറത്തെടുത്ത പാക്കിസ്ഥാന്‍ 5 വിക്കറ്റിന് 171 റണ്‍സ് നേടി. സാഹിബ്‍സാദ ഫര്‍ഹാന്‍റെ അര്‍ധസെഞ്ചറിയും മറ്റ് മുന്‍നിര ബാറ്റര്‍മാരുടെ വേഗത്തിലുള്ള ചെറിയ ചെറിയ സംഭാവനകളും കൊണ്ടാണ് അവര്‍ ഇവിടെ വരെ എത്തിയത്. ഇന്ത്യന്‍ മറുപടി പഴയതിനേക്കാള്‍ കടുത്തതായിരുന്നു. അഭിഷേകിനൊപ്പം ശുഭ്മന്‍ ഗില്ലും പാക് ബോളര്‍മാരുടെ നട്ടെല്ലൊടിച്ചു. 105 റണ്‍സിന്‍റെ ഓപ്പണിങ് കൂട്ടുകെട്ട്! ഇടയ്ക്കൊന്ന് പതറിയെങ്കിലും തിലക് വര്‍മ അധികം നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. അതും 7 പന്ത് ബാക്കിനില്‍ക്കേ. അഭിഷേകായിരുന്നു മല്‍സരത്തിലെ താരം. 

ഇതുവരെ കളിച്ച 15 മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം വിജയിച്ച പാക്കിസ്ഥാന് 12 കളികളില്‍ ആധികാരികവിജയം നേടിയ ഇന്ത്യന്‍ നിരയെ കീഴടക്കാനുള്ള കെല്‍പ്പുണ്ടോ?. കടലാസില്‍ ഇല്ലേയില്ല. പക്ഷേ വികാരവും ആവേശവും അര്‍പ്പണവും മറ്റൊരു തലത്തിലെത്തിക്കുന്ന ഇന്ത്യ–പാക് പോരാട്ടങ്ങളില്‍ ചില ദിവസങ്ങളില്‍ എന്തും സംഭവിക്കാം. ഏതായാലും ഈ ഏഷ്യാകപ്പിലെ ഏറ്റവും മികച്ച ടീമും സ്ഥിരതയില്ലായ്മയില്‍ ഏറ്റവും പഴികേട്ട ടീമും തമ്മിലാണ് കലാശപ്പോരാട്ടം. രാജ്യാന്തര ട്വന്‍റി ട്വന്‍റിയിലെ പോരാട്ടങ്ങളില്‍ ഇപ്പോള്‍ ഇന്ത്യ 12–3ന് മുന്നിലാണ്. ഈ ഏഷ്യാകപ്പിലെ ഏറ്റുമുട്ടലുകളില്‍ 2–0നും. ബാറ്റിങ് കരുത്തില്‍ താരതമ്യമില്ല. അപ്പോള്‍ പാക്കിസ്ഥാന്‍റെ ഏകപ്രതീക്ഷ ബോളിങ് നിരയിലാണ്. അതിനെ എങ്ങനെ ഇന്ത്യന്‍ ബാറ്റിങ് നിര കൈകാര്യം ചെയ്യും എന്നതനുസരിച്ചിരിക്കും ഏഷ്യാകപ്പ് ആര്‍ക്കൊപ്പം പോകുമെന്ന ചോദ്യത്തിനുള്ള ഉത്തരം. 

ENGLISH SUMMARY:

India Pakistan cricket rivalry is always a high-stakes affair. This article delves into the history of India vs Pakistan T20 encounters, leading up to the Asia Cup 2025 final, analyzing key moments, player performances, and overall team dynamics.