ഏഷ്യാ കപ്പില്‍ സെപ്റ്റംബർ 14 ന് നടന്ന പാകിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തിലെ വിജയത്തിനുശേഷം നടത്തിയ പഹല്‍ഗാം പരാമര്‍ശത്തില്‍ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെതിരെ നടപടിയെന്ന് റിപ്പോര്‍ട്ട്. മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയതായാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. മല്‍സരത്തിലെ വിജയത്തിന് ശേഷം സൂര്യകുമാര്‍ യാദവ് ജയം ഇന്ത്യൻ സായുധ സേനയ്ക്ക് സമർപ്പിക്കുകയും പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പാകിസ്ഥാന്‍ നല്‍കിയ പരാതിയിലാണ് നടപടി. പിഴയ്ക്കെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
പാകിസ്ഥാന്‍ ഐസിസിക്ക് സമര്‍പ്പിച്ച പരാതിയില്‍ ഔദ്യോഗിക വാദം ഇന്ന് പൂര്‍ത്തിയായിരുന്നു. ഐസിസി മാച്ച് റഫറി റിച്ചി റിച്ചാർഡ്‌സണിന്റെ അധ്യക്ഷതയിലാണ് ഹിയറിങ് നടന്നത്. ഇതിനുശേഷമാണ് അന്തിമ തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ടുകള്‍. ടൂർണമെന്റിന്റെ ശേഷിക്കുന്ന കാലയളവിൽ രാഷ്ട്രീയമായി വ്യാഖ്യാനിക്കാവുന്ന ഒരു പ്രസ്താവനയും നടത്തരുതെന്നും സൂര്യകുമാര്‍ യാദവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിസിഐ സിഒഒ ഹെമാങ് അമീന്‍, ക്രിക്കറ്റ് ഓപ്പേറഷന്‍സ് മാനേജര്‍ സമ്മര്‍ മല്ലാപുരാകര്‍ എന്നിവരാണ് റിച്ചി റിച്ചാര്‍ഡ്സണ്‍ അധ്യക്ഷത വഹിച്ച അച്ചടക്ക സമിതി യോഗത്തില്‍ പങ്കെടുത്തത്.
അതേസമയം, കഴിഞ്ഞ ഞായറാഴ്ച ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോര്‍ മത്സരത്തിനിടെ ഇന്ത്യന്‍ കാണികളില്‍ പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള പ്രകോപനത്തിന് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫിന് വെള്ളിയാഴ്ച മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയിരുന്നു. ബിസിസിഐ പരാതിയിലായിരുന്നു നടപടി. മൽസരത്തിനിടെ കാണികള്‍ക്കുനേരെ യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്ന ആക്ഷൻ കാണിക്കുകയായിരുന്നു റൗഫ് ചെയ്തത്. ആറ് എന്ന് കൈവിരലുകൾ ഉയർത്തി കാണിച്ച ശേഷം വിമാനം വീഴുന്നതായാണ് റൗഫ് കാണിച്ചത്. ഓപറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ ആറു യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ വാദത്തെ സൂചിപ്പിക്കുന്നതായിരുന്നു ആക്ഷൻ.
എന്നാല്‍ അതേ മല്‍സരത്തില്‍ അർദ്ധസെഞ്ചറി പൂർത്തിയാക്കിയതിന് ശേഷം പാക് ഓപ്പണര്‍ സാഹിബ്സാദാ ഫര്‍ഹാന്‍ നടത്തിയ വിവാദ ആഘോഷ പ്രകടനത്തില്‍ ഫർഹാൻ മുന്നറിയിപ്പോ പിഴയോ ഇല്ലാതെ രക്ഷപ്പെച്ചു. സിക്സടിച്ച് 50 തികച്ചതിന് പിന്നാലെ ബാറ്റെടുത്ത് തോക്ക് പോലെയാക്കി 'വെടിയുതിര്‍ത്താ'യിരുന്നു ഫര്‍ഹാന്‍റെ ആഘോഷം. നേരത്തെ പഹൽഗാമിലെ ഇരകളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ടോസ് സമയത്തും കളിക്കുശേഷവും പാകിസ്ഥാൻ കളിക്കാരുമായി ഹസ്തദാനം ചെയ്യാൻ ഇന്ത്യ വിസമ്മതിച്ചതും വിവാദമായിരുന്നു.