ഫയല്‍ ചിത്രം
ഓസ്ട്രേലിയയ്ക്കെതിരായ ട്വന്‍റി 20 പരമ്പരയുടെ പ്രമോഷന്‍ വിഡിയോയില്‍ ഇന്ത്യയെ പരിഹസിച്ച് പാക്കിസ്ഥാന്‍. ഓസ്ട്രേലിയയുമായുള്ള മത്സരത്തിന് മുന്നോടിയായി പുറത്തിറക്കിയ വിഡിയോയില്‍ ഹസ്തദാന വിവാദത്തെ ചുറ്റിപറ്റിയാണ് വിവാദം. ഇന്ത്യ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാത്തതിനെയാണ് വിഡിയോയിലൂടെ പരിഹസിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ താരങ്ങള്‍ രാജ്യാന്തര വേദിയില്‍ ഹസ്താദനം നല്‍കാറില്ല. ഏഷ്യാകപ്പില്‍ ഇരു ടീമുകളും പരസ്പരം നേകിട്ട മൂന്നു തവണയും ഇരു ക്യാപ്റ്റന്മാരും ഹസ്തദാനം ഒഴിവാക്കിയിരുന്നു. ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയന്‍ ടീം പാക്കിസ്ഥാനില്‍ ട്വന്‍റി 20 പരമ്പര കളിക്കുന്നുണ്ട്.
ഓസീസ് ആരാധകരെ സ്വീകരിക്കുന്ന പ്രമോഷന്‍ വിഡിയോ ആണ് പാക്കിസ്ഥാന്‍ പുറത്തിറക്കിയത്. പാക്കിസ്ഥാന്‍റെ ആതിഥേയത്വത്തെ പറ്റി സംസാരിക്കുന്ന വിഡിയോയില്‍ ട്വന്‍റി 20 ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയും പ്രത്യക്ഷപ്പെടുന്നുണ്ട്. വിഡിയോയുടെ അവസാന ഭാഗത്താണ് വിവാദം.
ഓസീസ് ആരാധകന്‍ കാറില്‍ നിന്നും ഹസ്താദാനം നല്‍കാതെ പുറത്തേക്ക് ഇറങ്ങുന്നതാണ് രംഗം. ഈ സമയം കാര്‍ ഡ്രൈവര്‍ ഇയാളെ വിളിച്ചു നിര്‍ത്തുന്നു. 'കൈകൊടുക്കാൻ നിങ്ങൾ മറന്നുപോയി, ഇടയ്ക്ക് അയൽവാസികളുടെ അടുത്ത് പോയിരുന്നെന്ന് തോന്നുന്നു' എന്നാണ് പാക്ക് ഡ്രൈവര്‍ പറയുന്നത്. ഇന്ത്യയുമായുള്ള പ്രശ്നങ്ങളാണ് വിഡിയോയില്‍ പാക്കിസ്ഥാന്‍ സൂചിപ്പിക്കുന്നത്.
ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയ മൂന്ന് രാജ്യാന്തര മത്സരങ്ങള്‍ ലഹോറില്‍ കളിക്കുന്നുണ്ട്. ജനുവരി 29, 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം. 2022 ഏപ്രിലിന് ശേഷമ ആദ്യമായാണ് ഓസ്ട്രേലിയ പാക്കിസ്താനിലേക്ക് എത്തുന്നത്. ലോകകപ്പില്‍ ഓസ്ട്രേലിയയുടെ മത്സരങ്ങള്‍ ഇന്ത്യയിലും പാക്കിസ്ഥാന്‍രെ മത്സരങ്ങള്‍ ശ്രീലങ്കയിലുമാണ്.