sanju-mohanlal

ഏഷ്യാകപ്പില്‍ ഇന്ത്യ–ബംഗ്ലാദേശ് മല്‍സരത്തില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ 8–ാം നമ്പറിലേക്ക് മാറ്റിയതില്‍ സാമൂഹമാധ്യമങ്ങളിലുടനീളം ക്രിക്കറ്റ് ആരാധകര്‍ അതൃപ്തി പ്രകടമാക്കുകയാണ്. ഇന്ത്യ ജയിച്ചെങ്കിലും അഭിഷേക് ശര്‍മ ഒഴികെയുള്ള ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. ഇപ്പോഴിതാ ബാറ്റിങിലെ മാറ്റം സംബന്ധിച്ച ചോദ്യത്തിന് സഞ്ജു നല്‍കിയ മറുപടി ഏറ്റെടുത്തിരിക്കുകയാണ്  ക്രിക്കറ്റ് ആരാധകര്‍.

മോഹന്‍ലാലിന്‍റെ സിനിമാജീവിതത്തെയും അദ്ദേഹത്തിന് ലഭിച്ച ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരത്തെയും ചേര്‍ത്തായിരുന്നു സഞ്ജു തനിക്കുനേരെ വന്ന ചോദ്യത്തെ നേരിട്ടത്.  സിനിമാജീവിതത്തില്‍ നായകന്‍റെ റോള്‍ മാത്രം ചെയ്തല്ല മോഹന്‍ലാലിന് ഇത്തരമൊരു അവാര്‍ഡ് ലഭിച്ചതെന്നും അതുപോലെ 10 വര്‍ഷമായി ക്രിക്കറ്റ് ജീവിതം തുടരുന്ന താനും ഇന്ത്യന്‍ ടീമിനായി കളിക്കുമ്പോൾ ഹീറോയാകാന്‍ മാത്രമല്ല വില്ലനും ജോക്കറുമൊക്കെ ആകാനും അര്‍ഹനാണ് എന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി.

സഞ്ജു നിങ്ങൾ നേടിയ 3 സെഞ്ച്വറിയും ഓപ്പണിങ്  ഇറങ്ങി നേടിയത് ആണ്, അതുകൊണ്ട് ഇപ്പോൾ 5-6 നമ്പറില്‍ ഇറങ്ങുമ്പോള്‍ എന്താണ് തോന്നുന്നത്. നിങ്ങൾ ഏത് പൊസിഷനിൽ ആണ് കളിക്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് , അടുത്തിടെ ഞങ്ങളുടെ ലാലേട്ടന്, കേരളത്തില്‍ നിന്നുള്ള നടനായ മോഹന്‍ലാലിന് നമ്മുടെ രാജ്യം  ഒരു വലിയ അവാര്‍ഡ് നല്‍കുകയുണ്ടായി. അദ്ദേഹം 40 വർഷം ആയി സിനിമയിൽ ഉണ്ട്. ഞാന്‍ 10 വർഷമായി എന്‍റെ രാജ്യത്തിന് വേണ്ടി കളിക്കുന്നുണ്ട്. അദ്ദേഹം ഈ 40 വർഷം നായകന്‍റെ റോൾ മാത്രം ചെയ്തല്ല ഈ നിലയിൽ എത്തിയത്. അതുപോലെ തന്നെ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുമ്പോൾ എപ്പോഴും ഹീറോയുടെ റോള്‍ തന്നെ വേണമെന്ന് എനിക്ക് പറയാനാകില്ല, വില്ലൻ റോളും, ജോക്കർ റോളും എല്ലാം കളിക്കാൻ ഞാൻ അർഹൻ ആണ്. ഒരുപക്ഷേ ഞാന്‍ നല്ലൊരു വില്ലന്‍ ആയിരിക്കാം എന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി. 

ENGLISH SUMMARY:

Sanju Samson's performance is under scrutiny after the Asia Cup match. The cricketer responded to criticism about his batting position with a metaphor comparing himself to Mohanlal, emphasizing his willingness to play any role for the team.