ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഒമാനെതിരെ ഇന്ത്യയ്ക്ക് 21 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാനേ സാധിച്ചുള്ളു. അനായാസ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യയെ ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ വിറപ്പിച്ച ശേഷമാണ് ഒമാൻ അടിയറവു പറഞ്ഞത്. ഒമാനായി ആമിർ കലീമും ഹമ്മദ് മിര്‍സയും അര്‍ധ സെഞ്ചറി നേടി. ക്യാപ്റ്റന്‍ ജിതേന്ദര്‍ സിങ് 32 റണ്‍സ് നേടി. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ് ദീപ്സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അര്‍ധ സെഞ്ചറി നേടിയ സഞ്‌ജു സാംസണാണ് കളിയിലെ കേമന്‍.
അര്‍ധസെഞ്ചുറി നേടിയ സഞ്ജു സാംസണിന്റെ കരുത്തിലാണ് ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മ 38 റണ്‍സും അക്ഷര്‍ പട്ടേല്‍ 26 റണ്‍സും വാലറ്റത്തിറങ്ങിയ തിലക് വര്‍മ 29 റണ്‍സും നേടി. ശിവം ദുബെ (8 പന്തിൽ 5), അർഷ്ദീപ് സിങ് (1 പന്തിൽ 1), ഹർഷിത് റാണ (8 പന്തിൽ 13*), കുൽദീപ് യാദവ് (3 പന്തിൽ 1*) എന്നിങ്ങനെയാണ് മറ്റു ഇന്ത്യൻ ബാറ്റർമാരുടെ സംഭാവന. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒഴികെ എല്ലാവരും ബാറ്റിങ്ങിനിറങ്ങി. ഒമാനായി ഷാ ഫൈസൽ, ജിതേൻ രാമാനന്ദി, ആമിർ കലീം എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
ഗ്രൂപ്പ് എയിൽ എല്ലാം മത്സരങ്ങളും വിജയിച്ച ഇന്ത്യ, ആറു പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. ഒമാൻ പട്ടികയിൽ അവസാനവും. 21ന് പാക്കിസ്ഥനെതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ ഫോർ മല്‍സരം.