Pakistan's players celebrate their win at the end of the Asia Cup 2025 Twenty20 international cricket match between United Arab Emirates and Pakistan at the Dubai International Stadium in Dubai on September 17, 2025. (Photo by Sajjad HUSSAIN / AFP)
ഏഷ്യകപ്പ് ടൂര്‍ണമെന്‍റിനിടെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഐസിസി നടപടി വന്നേക്കും. മാച്ച് റഫറിയായിരുന്ന ആന്‍ഡി പൈക്റോഫ്റ്റിനെ നീക്കാന്‍ ഐസിസി വിസമ്മതിച്ചതിനെ തുടര്‍ന്ന് കളിക്കാര്‍ പ്രതിഷേധിച്ചതാണ് പ്രധാന കാരണം. പെരുമാറ്റച്ചട്ട ലംഘനവും മോശം കീഴ്വഴക്കവുമാണ് സൃഷ്ടിച്ചതെന്ന് ചൂണ്ടിക്കാട്ടി പിസിബിക്ക് ഐസിസി ഇമെയില്‍ അയച്ചു. പാക് താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിശ്ചയിച്ചിരുന്നതിലും വൈകിയാണ് പാക്–യുഎഇ മല്‍സരം ബുധനാഴ്ച ആരംഭിച്ചത്. ആവര്‍ത്തിച്ചുള്ള ചട്ടലംഘനമാണ് പിസിബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും പിസിബി കുറ്റക്കാരാണെന്നും മെയിലില്‍ ഐസിസി സിഇഒ സന്‍ജോങ് ഗുപ്ത വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൈക്റോഫ്റ്റ് പാക് കോച്ച് മൈക്ക് ഹസനെയും ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയെയും കാണാനെത്തിയത് പാക് മീഡിയ മാനേജറായ നയീം ഗില്ലാനി വിഡിയോയില്‍ പകര്‍ത്തിയതും ഗുരുതര ചട്ടലംഘനമാണെന്നും ഇത് ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചുവെന്നും ഐസിസി വ്യക്തമാക്കുന്നു. നിര്‍ണായക യോഗങ്ങളില്‍ മീഡിയ മാനേജര്‍മാരെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ് ഐസിസിയുടെ ചട്ടം. എന്നാല്‍ മീഡിയ മാനേജറെ അകത്ത് കടത്താതെ കളിക്കാന്‍ ഇറങ്ങില്ലെന്ന് പിസിബി ഭീഷണി മുഴക്കിയതോടെ മല്‍സരം നടക്കേണ്ടതിനാല്‍ ഐസിസി വഴങ്ങി. ഇതും ചട്ട ലംഘനമാണ്. മീഡിയ മാനേജര്‍ പകര്‍ത്തിയ വിഡിയോ പൈക്റോഫ്റ്റ് മാപ്പു പറഞ്ഞുവെന്ന തരത്തിലാണ് പിസിബി പിന്നീട് പ്രചരിപ്പിച്ചത്. റഫറി മാപ്പു പറഞ്ഞിട്ടില്ലെന്നും ഖേദം പ്രകടിപ്പിക്കുകയാണ് ഉണ്ടായതെന്നും ഐസിസി വിശദീകരിച്ചു.
പൈക്റോഫ്റ്റിനെ നീക്കാതെ കളിക്കാനിറങ്ങില്ലെന്ന് വ്യക്തമാക്കിയ പാക് ടീം ഹോട്ടലില്‍ നിന്നിറങ്ങാന്‍ വിസമ്മതിച്ചു. ഇതോടെ ഒരു മണിക്കൂറാണ് മല്‍സരം വൈകിയത്. ഞായറാഴ്ച ടോസ് ഇടുന്നതിന് മുന്‍പ് തന്നെ ഹസ്തദാനം ചെയ്യുന്നതില്‍ നിന്ന് പാക് ക്യാപ്റ്റനെ പൈക്റോഫ്റ്റ് വിലക്കിയെന്നാണ് പിസിബി ആരോപിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഹസ്തദാനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് സൂര്യകുമാര്‍ വ്യക്തമാക്കുകയും െചയ്തിരുന്നു. വിവാദം കൊഴുത്തതോടെ പ്രശ്നം രമ്യമായി പരിഹരിക്കാമെന്നും തെറ്റിദ്ധാരണകളും ആശയവിനിമയത്തില്‍ വന്ന പാകപ്പിഴകളും പരിഹരിക്കാമെന്നും ഐസിസി വ്യക്തമാക്കിയിരുന്നു.